ദോഹ: ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായ ബനീ ഹജർ ഇൻറർസെക്ഷൻ പബ്ലിക് വർക്സ് അതോറിറ്റി (അശ്ഗാൽ) ഗതാഗതത്തിനായി തുറന്നു കൊടുത്തു.
ദോഹ, ദുഖാൻ, ബനീ ഹജർ, അൽ റയ്യാൻ എന്നീ പ്രദേശങ്ങൾക്കിടയിലുള്ള സുഗമമായ ഗതാഗതത്തിന് ഇൻറർസെക്ഷൻ ഏറെ പ്രയോജനപ്പെടും.
ബനീ ഹജർ ഇൻറർസെക്ഷൻ ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പ്രദേശത്തെ മുഴുവൻ ഗതാഗത നിയന്ത്രണങ്ങളും ഡൈവേർഷനുകളും നീക്കം ചെയ്യുകയും ഗതാഗതം പുതിയ ഇൻറർസെക്ഷൻ വഴിയാകുകയും ചെയ്യും. ഇത് സമയം ലാഭിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സഹായിക്കും.
ഇൻറർസെക്ഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ ഖലീഫ അവന്യൂവിലെ 2.4 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഭാഗവും ഗതാഗതത്തിനായി തുറന്നു കൊടുത്തു. അൽ ഗറാഫ, അൽ റയ്യാൻ ഇൻറർസെക്ഷനുകൾക്കിടയിലുള്ള ഭാഗമാണ് തുറന്നു കൊടുത്തത്. ഇതോടെ ഖലീഫ അവന്യൂ പദ്ധതിയിലെ 5.5 കിലോമീറ്റർ ഭാഗം പൂർണമായും ഗതാഗതയോഗ്യമായി.
1.3 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയും ഒരു ഓവർപാസും ഇതിൽ ഉൾപ്പെടുന്നു. അൽ റയ്യാനിൽ നിന്നും ദുഖാനിലേക്കുള്ള പാതയെ ബന്ധിപ്പിക്കുന്നതാണ് ഇൻറർസെക്ഷൻ. ബനീ ഹജർ ഭാഗത്തേക്കുള്ള രണ്ട് എക്സിറ്റുകളും ഖലീഫ അവന്യൂവിൽ അശ്ഗാൽ തുറന്നു കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.