ശൈത്യകാലത്ത് സാധാരണയായി കാണപ്പെടുന്ന ഫ്ലൂവും ജലദോഷവും രണ്ടും പകർച്ചവ്യാധികളായ ശ്വാസകോശരോഗങ്ങളാണ്. എന്നാൽ ഇവ വ്യത്യസ്ത വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. ഫ്ലൂ ഇൻഫ്ലുവൻസ വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. എന്നാൽ, ജലദോഷം (സാധാരണ ജലദോഷം) പല തരത്തിലുള്ള മറ്റ് വൈറസുകൾ മൂലവും ഉണ്ടാകാം. എല്ലാ പനിയും ചുമയുമോ ഫ്ലൂ തന്നെയാവണമെന്നില്ല.
ഫ്ലൂവിന്റെ ലക്ഷണങ്ങൾ സാധാരണയായി അപ്രതീക്ഷിതമായാണ് ആരംഭിക്കുന്നത്. പനി അല്ലെങ്കിൽ കുളിരോടുകൂടിയ പനി, തൊണ്ടവേദന, മൂക്ക് ഒഴുകൽ അല്ലെങ്കിൽ അടയൽ, ചുമ, ശരീരവേദന, പേശിവേദന, തലവേദന, അമിത ക്ഷീണം എന്നിവയാണ് ഫ്ലൂവിന്റെ ലക്ഷണങ്ങൾ. ഫ്ലൂ ചിലരിൽ ഗുരുതര സങ്കീർണതകൾ, പ്രത്യേകിച്ച് ന്യൂമോണിയ വരെ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ജലദോഷം സാധാരണയായി ഫ്ലൂവിനേക്കാൾ ലഘുവായ രോഗമാണ്. മൂക്ക് ഒഴുകൽ അല്ലെങ്കിൽ മൂക്ക് അടയൽ കൂടുതലായി കാണപ്പെടും. പനി വളരെ കുറവായിരിക്കും അല്ലെങ്കിൽ ഉണ്ടാകാതെയുമിരിക്കാം. ജലദോഷം സാധാരണയായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ന്യൂമോണിയ, ബാക്ടീരിയൽ അണുബാധ, ആശുപത്രിവാസം എന്നിവക്ക് കാരണമാകാറില്ല.
ഫ്ലൂവും ജലദോഷവും പല ലക്ഷണങ്ങളും പങ്കുവെക്കുന്നതിനാൽ, ലക്ഷണങ്ങൾ മാത്രം നോക്കി രോഗം വേർതിരിച്ചറിയുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഫ്ലൂ സ്ഥിരീകരിക്കാൻ ചിലപ്പോൾ പ്രത്യേക പരിശോധനകൾ ആവശ്യമായി വരാം.
ഫ്ലൂ ബാധിച്ചവർ ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറപ്പെടുന്ന തുള്ളികളിലൂടെ രോഗം പടരും. കൈകളിൽ പതിഞ്ഞ വൈറസ് വാതിൽപ്പിടികൾ, മേശകൾ, കൈപ്പിടികൾ, ലിഫ്റ്റ് ബട്ടണുകൾ പോലുള്ള എല്ലാവരും സ്പർശിക്കുന്ന ഉപരിതലങ്ങളിലേക്ക് പടർന്ന് അവിടെ നിന്ന് മറ്റുള്ളവരിലേക്ക് രോഗം എത്താം. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് മുമ്പും രോഗം വന്നതിന് ശേഷം കുറച്ച് ദിവസങ്ങളും രോഗം പടരാൻ സാധ്യതയുണ്ട്
• ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും ടിഷ്യൂവോ വസ്ത്രത്തിന്റെ തോളുഭാഗമോ ഉപയോഗിച്ച് മൂടുക
• കൈകളിൽ ചുമച്ചോ തുമ്മിയോ കഴിഞ്ഞാൽ എല്ലാവരും സ്പർശിക്കുന്ന സ്ഥലങ്ങൾ തൊടരുത്
• കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക
• തിരക്കുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക
• മതിയായ വിശ്രമവും ഉറക്കവും ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കും
-ഫ്ലൂ വന്നാൽ എന്ത് ചെയ്യണം?
• വിശ്രമിക്കുക
• ധാരാളം വെള്ളം കുടിക്കുക
• പനിക്കായി ഡോക്ടർ നിർദേശിച്ച മരുന്നുകൾ നിർദേശിച്ച വിധത്തിൽ മാത്രം കഴിക്കുക
• ലക്ഷണങ്ങൾ കൂടുകയോ, ശ്വാസം മുട്ടുകയോ, നെഞ്ചുവേദന ഉണ്ടാകുകയോ ചെയ്താൽ ഉടൻ ഡോക്ടറെ കാണുക
ഫ്ലൂ വാക്സിൻ എല്ലാ വൈറസുകളെയും തടയില്ല. എന്നാൽ, ഇൻഫ്ലുവൻസ എ ബി, എച്ച് വൺ എൻ വൺ മൂലമുണ്ടാകുന്ന ഫ്ലൂവിൽ നിന്ന് സംരക്ഷണം നൽകുന്നു. ഗുരുതര ഫ്ലൂ, ന്യൂമോണിയ, ആശുപത്രിവാസം എന്നിവയുടെ സാധ്യത കുറക്കാൻ സഹായിക്കുന്നു.
വാക്സിനിലുള്ള വൈറസിന് രോഗം ഉണ്ടാക്കാനുള്ള ശേഷിയില്ല; പക്ഷേ അത് ശരീരത്തെ പ്രതിരോധശക്തി നിർമിക്കാൻ സഹായിക്കുന്നു. വാക്സിൻ എടുത്തിട്ടും ചിലപ്പോൾ ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ വരാം കാരണം, വാക്സിൻ എല്ലാ വൈറസുകളെയും തടയില്ല. വാക്സിൻ ഫ്ലൂ ഉണ്ടാക്കുന്നില്ല
ഫ്ലൂ വൈറസുകൾ ഓരോ വർഷവും രൂപം മാറ്റുന്നു. അതനുസരിച്ചാണ് ഓരോ വർഷവും പുതിയ വാക്സിൻ തയാറാക്കുന്നത്. ഗൾഫ് പ്രദേശങ്ങളിൽ തണുപ്പുകാലം തുടങ്ങുന്നതിന് മുൻപ് സാധാരണയായി ഒക്ടോബർ മാസത്തിൽ തന്നെ ഫ്ലൂ വാക്സിൻ എടുക്കണം
ആവശ്യമില്ലാത്ത സമയത്ത് ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാക്കി നമ്മളെയും സമൂഹത്തെയും അപകടത്തിലാക്കും. ഡോക്ടർ നിർദേശിച്ച ആന്റിബയോട്ടിക് ശരിയായ രീതിയിൽ പൂർത്തിയാക്കാതിരിക്കുന്നത് രോഗം കൂടാനും ആശുപത്രിവാസം വർധിക്കാനും കാരണമാകും
ഫ്ലൂ ഒരു വൈറൽ രോഗമാണ്. ശുചിത്വം, ജാഗ്രത, വിശ്രമം, വാക്സിൻ എന്നിവയിലൂടെ ഫ്ലൂവും അതിന്റെ ഗുരുതര പ്രത്യാഘാതങ്ങളും തടയാൻ കഴിയും.
റഫറൻസ് :
-സി.ഡി.സി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ)
-ഡബ്ല്യു.എച്ച്.ഒ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.