ഇൻകാസ് ഖത്തർ കുടുംബസംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
ദോഹ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രവാസി മലയാളികളെ പങ്കാളികളാക്കി 200 ഓളം പ്രോജക്ടുകൾ നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും ഉന്നമനത്തിനും ക്ഷേമത്തിനും സഹായകരമാകുന്ന വിശാലമായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച നിക്ഷേപ ഇടമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ഖത്തർ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പുറകിലേക്കുള്ള തിരിഞ്ഞുനടത്തമാണ്. നമ്മൾ ഗവൺമെന്റിനെ കുറ്റപ്പെടുത്തുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു. എവിടെയാണ് ഗവൺമെന്റ് പരാജയപ്പെടുന്നത്? അവിടെ യു.ഡി.എഫിന് കൃത്യമായ ബദൽ പരിപാടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിയാൽ മാതൃകയിൽ പ്രവാസികളെ സംരംഭകരാക്കി പുതിയ പദ്ധതികൾ കൊണ്ടുവരും. വരുമാനം ലക്ഷ്യമിടുന്നതിനൊപ്പം കേരളത്തിന്റെ ആരോഗ്യ -വിദ്യാഭ്യാസ -സാമൂഹിക -അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്കു കൂടി പരിഹാരമാകുന്ന പദ്ധതികളാകും നടപ്പാക്കുക. കൂടാതെ നടപ്പാക്കുന്ന വികസന പദ്ധതികളിൽ അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുമെന്നും നിയമപരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾ കൃത്യസമയത്ത് തന്നെ പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇടതുപക്ഷ ഭരണത്തിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കടക്കണിയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. കേരളത്തെ സാമ്പത്തികമായ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കൃത്യമായ പദ്ധതികളും പരിപാടികളും യു.ഡി.എഫിനുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിച്ച്, കടങ്ങൾ നികത്തി സാമൂഹ്യ സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും നടപ്പാക്കും. ആരോഗ്യ കേരളം ഇന്ന് വെന്റിലേറ്ററിലാണെന്നും ആഗോഗ്യ കേരളത്തിന്റെ മുന്നേറ്റം കൈവരിക്കാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങളെ തടയാൻ ഫലപ്രദമായ മാർഗങ്ങൾ ഉണ്ടാകണം. ആധുനികമായ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സജ്ജീകരണം കൊണ്ടുവരും. തീരപ്രദേശത്ത ജനങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.