ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പ്; ബോധവൽക്കരണ പ്രചാരണങ്ങൾക്ക് തുടക്കം
ദോഹ: ദേശീയ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പ്, ബോധവൽക്കരണ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവക്ക് പുറമേ പൊതു -സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
2027 മാർച്ച് വരെ കാമ്പയിൻ തുടരും. ശൈത്യകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ രോഗബാധയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കുറക്കാൻ ലക്ഷ്യമിട്ടാണ് പ്രതിരോധ കുത്തിവെപ്പ്, ബോധവൽക്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 6 മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, പ്രമേഹം, ആസ്ത്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കാണ് കാമ്പയിൻ കാലയളവിൽ മുൻഗണന നൽകുക.
എല്ലാ പ്രൈമററി ഹെൽത്ത് കെയർ കോർപ്പറേഷൻ സെന്ററുകളിലും (പി.എച്ച്.സി.സി), ഹമദ് മെഡിക്കൽ കോർപ്പറേഷൻ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട 50 ലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭിക്കും. അർഹരായ വ്യക്തികൾക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ട് പി.എച്ച്.സി.സി കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും, കാത്തിരിപ്പ് സമയം ഒഴിവാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ആരോഗ്യ തന്ത്രത്തിന്റെ ഭാഗമായി രോഗപ്രതിരോധ നടപടികൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരേധ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു. ഓരോ വർഷവും വൈറസിന്റെ ഘടനയിൽ മാറ്റം വരുന്നതിനാൽ ശൈത്യകാലത്തിന് മുന്നോടിയായി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വാക്സിൻ എടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുത്തിവെപ്പ് എടുത്ത് ഏകദേശം രണ്ടാഴ്ചക്കുള്ളിൽ മാത്രമേ ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടുകയുള്ളൂ. ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗസങ്കീർണതകൾ തടയാൻ ഇത് സഹായിക്കും. പൗരന്മാരും താമസക്കാരും ഉൾപ്പടെയുള്ളവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. കൂടാതെ ജീവനക്കാർക്കായി മന്ത്രാലയത്തിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവും ഇക്കാലയളവിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.