ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫ്യൂജി ഫിലിം-ക്യൂ.പി.സി ഖത്തര്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിയായ ഏ.കെ.ബിജുരാജിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത് ഒരു സിറിയന്‍ ബാലികയുടെ ചിത്രമാണ്. വെള്ളിത്തിരയില്‍ മിന്നിമറയുന്ന സ്വന്തം രാജ്യത്തെ ദുരന്തങ്ങള്‍ കാതങ്ങള്‍ക്കപ്പുറമിരുന്ന് വേദനയോടെ കണ്ടിരിക്കുന്ന സിറിയന്‍ പൗരന്‍മാര്‍ക്കിടയിലായിരുന്നു ആ കുട്ടി. സ്വന്തം രാജ്യത്തിന്‍െറയും അതിനൊപ്പം തങ്ങള്‍ക്ക് അഭയം നല്‍കുന്ന ഖത്തറിന്‍െറയും പതാതകള്‍ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് സിറിയ എന്ന ചോര വാര്‍ന്നൊഴുകുന്ന യാഥാര്‍ഥ്യത്തിലേക്ക് നോക്കിയിരിക്കുന്ന കുട്ടി ഇപ്പോഴും ബിജുരാജിന്‍െറ മനസില്‍ നിന്നും പോയിട്ടില്ല. ആ ദിവസത്തിനും ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.
സിറിയയില്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന നിരപരാധികളായ മനുഷ്യരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ഖത്തര്‍ സ്വന്തം ദേശീയ ദിനാഘോഷം വേണ്ടന്നുവെച്ച ദിവസമായിരുന്നു അന്ന്. കത്താറ ആംഫി തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിറിയയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കാണാന്‍ എത്തിയവരില്‍ ഈ പെണ്‍കുട്ടിയുടെ ഉമ്മയും സഹോദരിമാരും സഹോദരന്‍മാരും ഉണ്ടായിരുന്നുവെങ്കിലും ഈ കുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്ന് ബിജുരാജ് പറയുന്നു. ഒന്നര മണിക്കൂര്‍ ഉള്ള ഡോക്യുമെന്‍ററി സിറിയയിലെ ചരിത്രവും ഇന്നലെകളും പറഞ്ഞ് തുടങ്ങുകയായിരുന്നു.
എന്നാല്‍ ഇന്നത്തെ സിറിയന്‍ അവസ്ഥകള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ സിറിയക്കാര്‍ കാണികള്‍ കണ്ണീരണിയാന്‍ തുടങ്ങി. അത് തീര്‍ന്നപ്പോള്‍ മൂകരായാണ് ഏവരും തിയറ്റര്‍ വിട്ടത്. പ്രത്യേകിച്ച് ആ കുട്ടിയും കുടുംബവും.
അന്ന് പകര്‍ത്തിയ ചിത്രം ആ അപരിചതയായ കുട്ടിയെ കാണിക്കണം എന്നുണ്ട് എന്ന് ബിജുരാജ് പറയുന്നു. എന്നാല്‍ അത് എങ്ങനെ എന്നറിയില്ല. ഈ അവാര്‍ഡിന്‍െറ പശ്ചാത്തലത്തില്‍ ഈ ചിത്രവും അതിന് ലഭിച്ച ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ പുരസ്കാരവും താന്‍ സിറിയയില്‍ സ്വന്തം ജീവിതം സംരംക്ഷിക്കാന്‍ പൊരുതുന്ന സിറിയക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായാണ് ബിജുരാജ് പറയുന്നത്. തന്‍െറ ഓഫീസില്‍ അടക്കം ജോലി ചെയ്യുന്ന നിരവധി സിറിയക്കാരുണ്ട്.
അവര്‍ പറയുന്ന സങ്കടങ്ങള്‍ കേട്ടിട്ടുണ്ട്. അവരില്‍ പലരും ലീവ് കിട്ടിയാലും സ്വന്തം രാജ്യത്തേക്ക് പോകാന്‍ കഴിത്തവരാണ്. തങ്ങളുടെ ഉറ്റവര്‍ അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ചോര്‍ത്ത് പിടഞ്ഞുകൊണ്ടിരിക്കുന്നവരുമെന്ന് ബിജുരാജ് പറയുന്നു.
ഫോട്ടോഗ്രഫി മല്‍സരത്തില്‍ ഫിലിപ്പീന്‍ സ്വദേശിയായ ലിംബോ റിച്ചാര്‍ഡിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം അര്‍ജന്‍റീനയുടെ ഡിനോ അഡ്രിയാനോ പാലസ്സിക്കാണ്. 165 ഓളം ചിത്രങ്ങളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
ദോഹ ആസ്പയര്‍ അക്കാദമിയുടെ സ്പോര്‍്ട്സ് മാഗസിനായ ദോഹ സ്റ്റേഡിയം മാഗസിന്‍െറ ഫോട്ടോഗ്രാഫറാണ് എ.കെ.ബിജുരാജ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ 48 അവര്‍ ചലഞ്ച് സോഷ്യല്‍, ഖത്തര്‍ ഒളിമ്പിക് കമ്മറ്റി കായിക ഫോട്ടോഗ്രഫി അവാര്‍ഡ്, ക്യു.എന്‍.ബി ഫുട്ബോള്‍ ഫോട്ടോഗ്രഫി അവാര്‍ഡ്, ഖത്തര്‍ അമീരി ഗാര്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്, ഖത്തര്‍ അമീരി ഗാര്‍ഡ് ക്യു.എന്‍.ഡി.ഫോട്ടോഗ്രഫി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ കൊയ്യ സ്വദേശിയാണ് ബിജുരാജ്. ബോബിയാണ് ഭാര്യ. ദോഹയിലുള്ള ബിര്‍ള പബ്ളിക് സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയായ ദിയ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.