ദോഹ: അൽ ഉദൈദ് വ്യോമതാവളത്തിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം വിജയകരമായി തടഞ്ഞതിനു പിന്നാലെ, ഖത്തർ നടത്തിയ ഇടപെടലുകൾ തെളിയിക്കുന്നത് നയതന്ത്രരംഗത്തെ മികവ്. ആക്രമണത്തിനു പിന്നാലെ സൂക്ഷ്മതയോടെ പ്രതികരിച്ച അധികൃതർക്ക് ലോക നേതാക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയും ഐക്യദാർഢ്യവുമെത്തി. കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെ ഫോണിൽ വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും പറഞ്ഞു.
ജി.സി.സി മന്ത്രിസഭ കൗൺസിലും ഖത്തറിന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് രംഗത്തുവന്നു. ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അസാധാരണ യോഗത്തിൽ ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചിരുന്നു. ചൊവ്വാഴ്ച വിവിധ നേതാക്കൾ ആക്രമണത്തിനെതിരെ രംഗത്തുവന്നു. യൂറോപ്യൻ യൂനിയൻ, അറബ് ലീഗ് തുടങ്ങിയ സംഘടനകളും ഫ്രാൻസ്, ഇറ്റലി, ഈജിപ്ത് തുടങ്ങിയ രാഷ്ട്രനേതാക്കളും ഐക്യാദാർഢ്യവുമായെത്തി.
ഇതിനിടെ, മിസൈൽ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇറാൻ രംഗത്തുവന്നു. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെ ഫോണിൽ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും, മേഖലയുടെ സമാധാനത്തിനും മുൻതൂക്കം നൽകി, മധ്യസ്ഥ ശ്രമങ്ങളുമായി നയതന്ത്ര രംഗത്ത് സജീവമായ ഖത്തറിന്റെ നിലപാട് വീണ്ടും ചർച്ചയായി. അതേസമയം, സായുധസേന മികവിലൂടെ ആക്രമണത്തെ വിജയകരമായി ചെറുക്കാനും ഖത്തറിനായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സായുധസേന കേന്ദ്രം സന്ദർശിച്ച്, ആക്രമണം വിജയകരമായി തടയുന്നതിൽ സായുധ സേന നടത്തിയ പ്രവർത്തനങ്ങളെയും പ്രതിരോധം തീർത്ത സന്നദ്ധതയെയും പ്രശംസിച്ചിരുന്നു. ഇറാൻ ആക്രമണത്തെ വിജയകരമായി തടയാൻ സാധിച്ചെന്ന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗവും വിലയിരുത്തി.
ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ ഖത്തറിനായി. ഖത്തറിനെ ഞെട്ടിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തെ മണിക്കൂറുകൾ. മേഖല സംഘർഷഭരിതമായിരുന്നുവെങ്കിലും ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾ സുരക്ഷിതയിടങ്ങളായിരുന്നു. എന്നാൽ, ജനങ്ങളിൽ ഭീതിയുയർത്തി രാത്രി ഏഴോടെ ദോഹ, അൽ വക്റ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമുഴക്കം കേൾക്കുന്നുണ്ടായിരുന്നു. മിനിറ്റുകൾക്കകം ചെറു തീഗോളം പോലെ മിസൈലുകളും പ്രത്യക്ഷപ്പെട്ടു. തടയുന്നതിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ ആകാശം തീഗോളങ്ങളാൽ നിറഞ്ഞു. അൽ ഉദൈദ് ലക്ഷ്യമാക്കി ഇറാൻ തൊടുത്ത മിലൈസുകൾ ഖത്തർ വിജയകരമായി പ്രതിരോധിച്ചിരുന്നു. അരമണിക്കൂറോളം നീണ്ട ഭീതിനിറഞ്ഞ അന്തരീക്ഷത്തിനു പിന്നാലെ, രാജ്യം സാധാരണ നിലയിലെത്തി. പിന്നാലെ ദോഹയിലെ മാർക്കറ്റുകളിലും കടകളിലും പതിവുപോലെ തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.