ഇമാം അബ്ദുൽ വഹാബ് പള്ളി പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന ഫലസ്തീൻ ഐക്യദാർഢ്യസംഗമത്തിൽ നിന്ന്
ദോഹ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിെൻറ കൃത്യമായ വിവരങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത് ദോഹ ആസ്ഥാനമായുള്ള 'അൽ ജസീറ' ചാനൽ ആണ്. ഗസ്സ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്ദ് അതിസാഹസികമായാണ് ബോംബ് ആക്രമണത്തിെൻറ തൽസമയ റിപ്പോർട്ടിങ് നടത്തുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനിടെ ഇസ്രായേലിെൻറ ബോംബുകൾ തൊട്ടടുത്ത് പതിച്ചിരുന്നു. ഇതിെൻറ ശബ്ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ചാനലിെൻറയും അസോസിയേറ്റഡ് പ്രസ് (എ.പി) ന്യൂസ് ഏജൻസിയുടെയും ഗസ്സയിലെ ഓഫിസുകൾ ഇസ്രായേൽ തകർത്തിരുന്നു.
ശനിയാഴ്ച രാത്രി ഫലസ്തീന് ഐക്യദാർഢ്യവുമായി ആയിരങ്ങളാണ് ഖത്തറിൽ ഒത്തുകൂടിയത്. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ബാനറുകളും ഫലസ്തീൻ കൊടികളുമേന്തി ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) പരിസരത്ത് സംഗമിച്ചത്. വൈകുന്നേരം ഏഴിന് തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി 10 വരെ നീണ്ടു. നൂറുകണക്കിന് ഖത്തരികളും വിദേശികളും പങ്കെടുത്തു. ഹമാസിെൻറ രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മായിൽ ഹനിയ്യയും ആഗോള മുസ്ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. 'നഹ്നു ഫലസ്തീൻ യാ ഹയ്യാ...യാ ഖത്തർ യാ ബയ്യാ...' (നമ്മുടെ ഫലസ്തീൻ അതിജീവിക്കെട്ട, ഖത്തർ എന്നും ഉയരങ്ങൾ താണ്ടട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെ ചൊല്ലി.
ദോഹ ഇമാം അബ്ദുൽ വഹാബ് പള്ളി പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ ഗാന്ധിജിയുടെ ചിത്രവും ഇന്ത്യൻ പതാകയുമായി അണിനിരന്നവർ. 'ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാൻസ് ഫ്രഞ്ചുകാരുടേതുമെന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്' എന്നതായിരുന്നു ഫലസ്തീൻ വിഷയത്തിൽ ഗാന്ധിജിയുടെ നിലപാട് •ഫോട്ടോ: ഷാജി ഹുസൈൻ
ഫലസ്തീൻ അതിജയിക്കുമെന്നും അന്തിമവിജയം ഫലസ്തീന് ആയിരിക്കുമെന്നും ജനങ്ങൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഖത്തറിന് ഫലസ്തീനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഖത്തർ ഭരണാധികാരികൾ ഫലസ്തീന് നൽകുന്ന പിന്തുണയും സഹായവും ഏറെ വലുതാണെന്നും ഡോ. ഇസ്മായിൽ ഹനിയ്യ പറഞ്ഞു. 'ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാൻസ് ഫ്രഞ്ചുകാരുടേതും എന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്' എന്ന നിലപാട് കൈക്കൊണ്ടിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും ഇന്ത്യൻ പതാകയുമേന്തി മലയാളികളടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് സംഗമത്തിൽ തടിച്ചുകൂടിയത്.
ഇസ്രായേലിെൻറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഡോ. ഇസ്മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസംതന്നെ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ് ജർറായിലെ അധിനിവേശം, അൽ അഖ്സ പള്ളിയിൽ വിശ്വാസികൾക്ക് നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങളാണ് ഇരുവരും ചർച്ചചെയ്തത്. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്തീന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഇസ്രായേലിെൻറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് ഇടപെടണമെന്നും ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ് സമൂഹത്തിെൻറ യോജിച്ച നീക്കം ഉണ്ടാകണമെന്ന് ഇസ്മായിൽ ഹനിയ്യ ആവശ്യെപ്പട്ടു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തിയിരുന്നു. അൽ അഖ്സ പള്ളിയിൽ ആരാധനാ കർമങ്ങളിലേർപ്പെട്ടിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ചും ജറൂസലേം നിവാസികളുടെ നിസ്സഹായവസ്ഥയും ശൈഖ് ജർറാഹ് പ്രദേശത്തെ ഇസ്രായേൽ നിയന്ത്രണങ്ങളും മഹ്മൂദ് അബ്ബാസ് വിശദീകരിച്ചു. ഇത് അന്താരാഷ്്ട്ര നിയമങ്ങളുടെയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം ഉറപ്പുനൽകി. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മാഈൽ ഹനിയ്യയുമായും അമീർ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്്ട്രമെന്ന ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെടുന്നുണ്ട്. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിവിധ രാഷ്ട്രനേതാക്കൾ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്കു മാസ്,
ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുദി എന്നിവർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തർ ശൂറാകൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻസെയ്ദ് ആൽമഹ്മൂദുമായി തുർക്കി അസംബ്ലി സ്പീക്കർ മുസ്തഫ സെൻതോപ് ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ ഫലസ്തീന് നൽകണമെന്നതാണ് ഖത്തറിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.