19ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി സൈബു ജോർജിന് നൽകി പുറത്തിറക്കുന്നു
ദോഹ: ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ജൂൺ ഒമ്പതിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച്, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം 4.30 വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിലാണ് ക്യാമ്പ്. താഴ്ന്ന വരുമാനക്കാരും കൃത്യമായ വിദഗ്ധ ചികിത്സകൾക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യമിട്ടാണ് ക്യാമ്പ്.
വിശാലമായ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിലെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശോധനയും അനുബന്ധ ചികിത്സകളും ലഭ്യമാക്കുക. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബിൽനിന്നുള്ള നിരവധി ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നൂറുകണക്കിന് വളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കും.
നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോ തെറപ്പി, കാർഡിയോളജി, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിങ്, കൊളസ്ട്രോൾ, യൂറിൻ പരിശോധന, ഓഡിയോ മെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും. ആരോഗ്യ ബോധവത്കരണ ക്ലാസുകളും, രക്തദാനം, അവയവ ദാനം, കൗൺസലിങ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
മേയ് 30 വരെ പേര് രജിസ്റ്റർ ചെയ്യാം. രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 6000 7565ൽ ബന്ധപ്പെടാവുന്നതാണ്. സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, സി.ഐ.സി വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി സൈബു ജോർജ്, സെക്രട്ടറി മക്തും അബ്ദുൽ അസീസ്, സി.ഐ.സി ജനസേവന വിഭാഗം കൺവീനർ പി.പി. അബ്ദുറഹീം, ക്യാമ്പ് ജനറൽ കൺവീനർ പി.കെ സിദ്ദീഖ് തുടങ്ങിയവരാണ് ക്യാമ്പ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.