ഐ.സി.ഇ.എസ്.സി.ഒ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഐൻ മുഹമ്മദ് ഗ്രാമം
ദോഹ: ഖത്തറിലെ ചരിത്രപ്രധാനമായ മൂന്ന് പ്രധാന പൈതൃക കേന്ദ്രങ്ങൾ കൂടി ഇസ്ലാമിക് വേൾഡ് എജുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഐ.സി.ഇ.എസ്.സി.ഒ) പൈതൃക പട്ടികയിൽ ഇടംപിടിച്ചു. അൽ മഫ്ജർ ഗ്രാമം, ഐൻ മുഹമ്മദ് ഗ്രാമം, അൽ മുർവാബ് ആർക്കിയോളജിക്കൽ സൈറ്റ് എന്നിവയാണ് പുതുതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ. ഇതോടെ ഐ.സി.ഇ.എസ്.സി.ഒ പൈതൃക പട്ടികയിൽ ഖത്തറിൽനിന്ന് പത്ത് കേന്ദ്രങ്ങൾ ഇടംപിടിച്ച
ഖത്തർ മ്യൂസിയംസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഖത്തർ മ്യൂസിയം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സഅദ് അൽ റുമൈഹി പറഞ്ഞു. നമ്മുടെ ചരിത്രവും അടയാളങ്ങളും വരും തലമുറക്കായി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ഫാത്തിമ ഹസൻ അൽ സുലൈതിയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ആൻഡ് ഗവൺമെന്റ് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റും, ആദിൽ അൽ മുസ് ലമാനിയുടെ നേതൃത്വത്തിലുള്ള ആർക്കിടെക്ചറൽ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് നാമനിർദേശ പത്രികകൾ തയാറാക്കിയത്. പൈതൃക കേന്ദങ്ങളുടെ ആഗോള സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിൽ ഇവരുടെ ഏകോപിത നീക്കങ്ങൾ വലിയ പങ്കുവഹിച്ചു.
ഖത്തർ മ്യൂസിയംസിന്റെ 20ാം വാർഷികവും ഖത്തർ നാഷണൽ മ്യൂസിയം സ്ഥാപിതമായതിന്റെ 50ാം വാർഷികവും 'എവല്യൂഷൻ നേഷൻ' എന്ന പേരിൽ രാജ്യം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് മൂന്ന് പൈതൃക കേന്ദ്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭാവി തലമുറകൾക്ക് പ്രചോദനമേകുന്ന രീതിയിൽ ഖത്തറിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ മ്യൂസിയംസിന്റെ നേതൃത്വത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.