ജനീവയിൽ യു.എൻ ഹ്യുമൻ റൈറ്റ്സ് കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണകാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് സംസാരിക്കുന്നു
ദോഹ: മധ്യസ്ഥ ചർച്ചകളിൽ നിഷ്പക്ഷവും വിശ്വസനീയവുമായ പങ്കാളിത്തത്തിലൂടെ സമാധാന ശ്രമങ്ങൾക്കായി ഖത്തർ നിലകൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണകാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്.
വെടിനിർത്തൽ കരാറുകൾക്കും തടവുകാരെ കൈമാറുന്നതിനും നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഖത്തർ നൽകിയ പിന്തുണ വിവിധ മേഖലകളിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് സഹായകരമായതായും അവർ വിശദീകരിച്ചു.
ജനീവയിൽ യു.എൻ ഹ്യുമൻ റൈറ്റ്സ് കൗൺസിലിന്റെ 61ാമത് സെഷന്റെ ഉന്നതതല യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. സ്വാതന്ത്ര്യം, നീതി, സമത്വം, പരസ്പര ബഹുമാനം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനത്തിലൂടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് ഹ്യുമൻ റൈറ്റ്സ് കൗൺസിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വിശദീകരിച്ച അവർ, കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകി. മനുഷ്യാവകാശ സംരക്ഷണം ഖത്തറിന്റെ വിദേശനയങ്ങളുടെ അടിസ്ഥാനമാണെന്നും പൗരന്മാർക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നതിന് ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടുകൾ രാജ്യത്തിനുണ്ടെന്നും വിശദീകരിച്ചു. ഗസ്സയിലെ കുട്ടികൾക്കും സ്ത്രീകൾക്കും രോഗികൾക്കും മരുന്ന്, ഭക്ഷണം, വിദ്യാഭ്യാസം, സമാധാനപരമായ അന്തരീക്ഷം എന്നിവയുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ അടിയന്തരമായി ലഭ്യമാക്കണം. ഗസ്സയുടെയും അവിടത്തെ ജനങ്ങളുടെയും സ്ഥിരതയാണ് ഏത് വികസന പദ്ധതികളുടെയും അടിസ്ഥാനം. വെടിനിർത്തൽ കരാർ പൂർണ്ണമായി പാലിക്കണമെന്നും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സിറിയൻ സർക്കാരും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും തമ്മിലുള്ള വെടിനിർത്തൽ കരാറിനെയും പരസ്പര സഹകരണത്തെയും അവർ സ്വാഗതം ചെയ്തു. ഇത് സിറിയയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. സിറിയൻ ജനതക്കൊപ്പം ഖത്തർ എപ്പോഴും നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി. സുഡാനിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ അവർ, ദിവസവും നൂറുകണക്കിനുപേർ കൊല്ലപ്പെടുന്നതായും വിശദീകരിച്ചു. ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകി യുദ്ധം അവസാനിപ്പിക്കാനും സുഡാന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു. സുഡാനിലെ സ്ത്രീകൾക്കായി ഖത്തർ 10 മില്യൺ യു.എസ് ഡോളർ സഹായം നൽകുന്ന കാര്യവും അവർ പരാമർശിച്ചു. സമാധാനം കൈവരിക്കുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണത്തിനും മധ്യസ്ഥ ശ്രമങ്ങൾക്കും ഖത്തർ തുടർന്നും പിന്തുണ നൽകുമെന്ന് അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.