ദോഹ: സിറിയയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച നടത്തി അറബ്, മുസ്ലിം വിദേശകാര്യമന്ത്രിമാർ. വിഷയത്തിൽ എകീകൃത നിലപാട് സ്വീകരിക്കുന്നതിന്റെയും സിറിയയെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ചർച്ചകൾ നടന്നത്.
സിറിയയുടെ ഐക്യത്തിനും സ്ഥിരതക്കും പരമാധികാരത്തിനും പിന്തുണ നൽകുന്നതായും എല്ലാതരം വിദേശ ഇടപെടലുകളും നിരസിക്കുന്നതായും ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഇറാഖ്, ജോർഡൻ, ലബനാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളിലെ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സുവൈദ ഗവർണറേറ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച കരാർ മന്ത്രിമാർ സ്വാഗതം ചെയ്തു. കരാർ പാലിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സിറിയയിൽ സുരക്ഷയും പരമാധികാരവും സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും മന്ത്രിമാർ പിന്തുണ അറിയിച്ചു. സിറിയക്കെതിരായ ആവർത്തിച്ചുള്ള ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും സിറിയയുടെ പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണ്. സിറിയയുടെ സുരക്ഷയും സ്ഥിരതയും പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പ്രധാന അടിത്തറയാണെന്നും വ്യക്തമാക്കി.
പുനർനിർമാണത്തിനായുള്ള സിറിയൻ സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കാൻ മന്ത്രിമാർ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സേനയുടെ പിൻവാങ്ങൽ ഉറപ്പാക്കുന്നതിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഇടപെടാൻ യു.എൻ രക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
സിറിയക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ കഴിഞ്ഞദിവസം ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനവുമാണെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഈ ആക്രമണം വിഘാതമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലും തെക്കൻ ഗവർണറേറ്റായ അൽ സുവൈദയിലും ഇസ്രായേൽ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.