അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചാഡ് പ്രസിഡന്‍റ് ലഫ്. ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബിയുമായുള്ള കൂടിക്കാഴ്ചയിൽ
ദോഹ: ഖത്തർ സന്ദർശിക്കുന്ന ചാഡ് ഇടക്കാല പ്രസിഡന്‍റ് ലഫ്. ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അൽ ബഹർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ പുരോഗതികൾ വിലയിരുത്തി. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഖത്തറിന്‍റെ ശ്രമങ്ങൾക്ക് ചാഡ് ട്രാൻസിഷനൽ മിലിട്ടറി കൗൺസിൽ പ്രസിഡന്‍റ് നന്ദി അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷക്കും പുരോഗതിക്കും, സുസ്ഥിരതക്കും ഖത്തറിന്‍റെ പിന്തുണയുണ്ടാവുമെന്നും സംഘർഷങ്ങൾക്ക് അറുതി വരുത്തി ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നതിന് ഒപ്പമുണ്ടാവുമെന്നും അമീർ ഉറപ്പ് നൽകി.
2021 ഏപ്രിലിൽ പ്രസിഡന്‍റും മുഹമ്മദ് ഇദ്രിസ് ഡെബിയുടെ പിതാവുമായ ഇദ്രിസ് ഡെബി ഇറ്റ്നോയെ വിമതർ കൊലപ്പെടുത്തിയതോടെയാണ് രാജ്യത്ത് സംഘർഷം രൂക്ഷമായത്. തുടർന്ന് സൈനിക ഇടപെടലിനെ തുടർന്ന് മുഹമ്മദ് ഇദ്രിസ് ഡെബി ഇടക്കാല പ്രസിഡന്‍റായി സ്ഥാനമേറ്റത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇടപെട്ട ഖത്തറിന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ് 20ന് ആദ്യഘട്ട ചർച്ച നടക്കാനിരിക്കെയാണ് പ്രസിഡന്‍റ് ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാറും പ്രതിപക്ഷ സംഘടനകളും തമ്മിലെ ചർച്ചക്ക് ചാഡ് തലസ്ഥാനമായ ജാമിനയാണ് വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.