അൽമനാർ മദ്റസ പ്രവേശനോത്സവം കെ.ടി. ഫൈസൽ സലഫി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുതിയ അധ്യയന വർഷത്തെ വരവേറ്റ് ദോഹ അൽമനാർ മദ്റസ നവാഗതർക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നൽകിയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുതിയ വർഷത്തിന്റെ തുടക്കം ഗംഭീരമാക്കി.
ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതവഴിയിലെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
മൂല്യച്യുതികളിലേക്കും ധാർമിക തകർച്ചയിലേക്കും വീഴുന്നതിൽ നിന്നും പുതുതലമുറയെ തടുത്തുനിർത്തുന്നതിലും സദാചാര ബോധത്തിലൂന്നിയ സമൂഹത്തെ വാർത്തെടുക്കുന്നതിലും മദ്റസകൾക്കുള്ള പങ്ക് അദ്ദേഹം സ്മരിച്ചു. മദ്റസ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി ആമുഖഭാഷണം നടത്തി.
കഴിഞ്ഞ അധ്യയന വർഷത്തിൽ വാർഷിക പരീക്ഷയിൽ വിവിധ ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ദീൻ സ്വലാഹിയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫൈസൽ സലഫി എടത്തനാട്ടുകരയും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്റസ കൺവീനർ ഷബീറലി അത്തോളി, ക്യു.കെ.ഐ.സി ട്രെഷറർ മുഹമ്മദലി മൂടാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.