ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിൽ അൽ വക്റയെ തോൽപിച്ചശേഷം അൽ അറബി ടീമംഗങ്ങളുടെ ആഹ്ലാദം, അൽ റയ്യാനെതിരെ ഗോൾ നേടിയപ്പോൾ അൽ സദ്ദ് താരങ്ങൾ സന്തോഷം പങ്കിടുന്നു
ദോഹ: പരമ്പരാഗത വൈരികളായ അൽ റയ്യാനെതിരെ ഖത്തർ ക്ലാസികോയിൽ ജയം വെട്ടിപ്പിടിച്ച് കരുത്തരായ അൽസദ്ദ് വിജയവഴിയിൽ തിരിച്ചെത്തി. ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിന്റെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ സൂപ്പർ താരങ്ങളായ ആന്ദ്രേ ആയൂവും അക്രം അഫീഫും സ്കോർ ചെയ്ത കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽസദ്ദിന്റെ ജയം.
അതേസമയം, അൽ വക്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയ അൽ അറബി പോയന്റ് നിലയിൽ അൽ ദുഹെയ്ലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒമ്പതു കളികളിൽ ഏഴു ജയമടക്കം അൽ അറബിക്ക് 22 പോയന്റാണുള്ളത്. രണ്ടാമതുള്ള അൽ ദുഹെയ്ലിന് 20 പോയന്റാണ് സമ്പാദ്യം. കഴിഞ്ഞദിവസം നടന്ന കളിയിൽ ഉമ്മുസലാലിനെ 1-3 ന് തോൽപിച്ച് അൽ ദുഹെയ്ൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഒരു ദിവസത്തിനകം പക്ഷേ, അൽ അറബി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.
ഒമ്പതാം റൗണ്ടിൽ നടന്ന മറ്റൊരു കളിയിൽ അൽ ഗറാഫയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുക്കിയ ഖത്തർ സ്പോർട്സ് ക്ലബ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. കോംഗോ സ്ട്രൈക്കർ ബെൻ മലാംഗോ ഔദ്യോഗികമായി അരങ്ങേറ്റത്തിനിറങ്ങിയ കളിയിൽ ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ മുൻ സ്പെയിൻ താരം യാവി മാർട്ടിനെസും ബഷർ റേസാനും ഓരോ തവണ വല കുലുക്കി. മറ്റൊരു കളിയിൽ അൽ അഹ്ലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെയ്ലിയയെ പരാജയപ്പെടുത്തി.
ദുഹൈലിനെ മറികടന്ന് പോയന്റ് നിലയിൽ ഒന്നാമത് തിരിച്ചെത്താൻ ജയം അനിവാര്യമായ കളിയിൽ അൽ വക്റ കടുത്ത വെല്ലുവിളിയാണ് അൽ അറബിക്കുമുന്നിൽ ഉയർത്തിയത്. വക്റയിലെ സഊദ് ബിൻ അബ്ദുറഹ്മാൻ സ്റ്റേഡിയത്തിൽ 31-ാം മിനിറ്റിൽ യൂസുഫ് അൽ മസാക്നിയുടെ ഗോളിൽ അൽ അറബിയാണ് മുന്നിലെത്തിയത്. റാവിന അൽകാന്ററയുടെ പാസിൽനിന്നായിരുന്നു യൂസുഫിന്റെ ഗോൾ.
അൽ അറബിയുടെ നിയന്ത്രണത്തിൽ മുന്നോട്ടുപോയ ഈ സമയത്ത് പക്ഷേ, മത്സരത്തിൽ ഒപ്പമെത്താൻ വക്റക്കാർക്ക് കഴിഞ്ഞു. ഇടവേളക്ക് പിരിയാനിരിക്കേ, ഉമർ അലിയെ ജാസിം അൽ ഹെയ്ൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കാണ് അതിന് വഴിയൊരുക്കിയത്. വാർ വഴി കിട്ടിയ പെനാൽറ്റി, മുഹമ്മദ് ബിൻ യാട്ടു അനായാസം വലയിലെത്തിച്ചു.
ഒടുവിൽ, 68ാം മിനിറ്റിൽ യൂസുഫ് അൽ മസാക്നി തന്റെ രണ്ടാം ഗോളിലൂടെ അൽ അറബിക്ക് ലീഡ് തിരിച്ചുനൽകുകയായിരുന്നു. ശേഷിക്കുന്ന സമയം, പ്രതിരോധം ശക്തമാക്കി അൽ വക്റ മുന്നേറ്റങ്ങളെ പിടിച്ചുനിർത്തിയ അൽ അറബി വിലപ്പെട്ട മൂന്നു പോയന്റ് സ്വന്തമാക്കുകയായിരുന്നു.
ലോകകപ്പിനുശേഷം ടീമിൽ തിരിച്ചെത്തിയ ഘാനയുടെ സൂപ്പർ സ്ട്രൈക്കർ ആന്ദ്രേ ആയൂവാണ് ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ഏഴാംമിനിറ്റിൽതന്നെ കോർണർകിക്കിൽനിന്ന് വന്ന പന്തിനെ വലയിലേക്ക് വഴിതിരിച്ചുവിട്ട് അൽ സദ്ദിനെ മുന്നിലെത്തിച്ചത്. സമനിലക്കുള്ള അൽ റയ്യാന്റെ ഉറച്ച ശ്രമങ്ങൾ തടഞ്ഞ് ഗോളി സഅദ് അൽ ഷീബ് അൽസദ്ദിന്റെ രക്ഷക്കെത്തി. പതിയെ കളിയിൽ പിടിമുറുക്കിയ നീലക്കുപ്പായക്കാർ 52ാം മിനിറ്റിൽ ലീഡുയർത്തി.
ബഗ്ദാദ് ബൗനെജായുടെ ശ്രമം റയ്യാൻ പ്രതിരോധിച്ചെങ്കിലും റീബൗണ്ടിൽ അഫീഫ് ലീഡുയർത്തുകയായിരുന്നു. നാലു മിനിറ്റിനുശേഷം മുൻ ഫ്രഞ്ച് താരം സ്റ്റീവൻ സോൻസി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനിലയിലേക്ക് വല കുലുക്കാൻ റയ്യാന് കഴിഞ്ഞില്ല. ലീഗിലെ ഏറ്റവും താരത്തിളക്കമുള്ള അൽ സദ്ദിന് എട്ടു കളികളിൽ മൂന്നു ജയമടക്കം പത്തുപോയന്റാണുള്ളത്. പോയന്റ് പട്ടികയിൽ നിലവിലെ ചാമ്പ്യന്മാർ എട്ടാം സ്ഥാനത്താണുള്ളത്.
അർജന്റീന സ്റ്റാർ സ്ട്രൈക്കറായിരുന്ന ഹെർനാൻ ക്രെസ്പോയുടെ ശിക്ഷണത്തിലാണ് അൽ ദുഹൈൽ കളത്തിലിറങ്ങുന്നത്. സീസണിൽ മികച്ച കളി കെട്ടഴിക്കുന്ന ടീം ഒമ്പതാം റൗണ്ടിൽ ഉമ്മു സലാലിനോട് ആദ്യപകുതിയിൽ പിന്നിലായിരുന്നു. 43ാം മിനിറ്റിൽ വാലന്റിനോ യുവലാണ് ദുഹൈലിന്റെ വലയിൽ പന്തെത്തിച്ചത്. തോൽവി തുറിച്ചുനോക്കിക്കൊണ്ടിരിക്കെ, 81ാം മിനിറ്റിൽ ബസ്സാം അൽ റാവിയാണ് സമനിലഗോൾ കുറിച്ചത്. ആറുമിനിറ്റിനുശേഷം പെനാൽറ്റി സ്പോട്ടിൽനിന്ന് മൈക്കൽ ഒലുംഗ ദുഹൈലിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഒലുംഗ വീണ്ടും വല കുലുക്കിയതോടെ ദുഹൈലിന്റെ വിജയം പൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.