ഇന്ത്യയിലേക്ക് പോകുന്നവർക്ക് എയർ സുവിധ ഫോം നിർബന്ധം; അറിയിപ്പുമായി ദോഹയിലെ ഇന്ത്യൻ എംബസി

ദോഹ: എബോള വ്യാപന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ നിരീക്ഷണം ശക്തമാക്കുന്നതിനായി ഇന്ത്യ ‘എയർ സുവിധ 2.0’ സംവിധാനം പരിഷ്കരിച്ചതായും ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാർക്കായി സമ്പർക്കരഹിത ഡിജിറ്റൽ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ പോർട്ടൽ നിർബന്ധമാക്കിയതായും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ അന്താരാഷ്ട്ര തലത്തിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണെന്ന് എംബസി സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും തങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് മുമ്പായി ഓൺലൈൻ വഴി ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പുവരെ ഈ ഫോം ഓൺലൈനായി സമർപ്പിക്കാം. വിമാനത്താവളങ്ങളിൽ എത്തുമ്പോൾ യാത്രക്കാർക്ക് സുഗമവും വേഗത്തിലുള്ളതുമായ ഇമിഗ്രേഷൻ ക്ലിയറൻസിനും ആരോഗ്യ പരിശോധനകൾക്കും ഈ സംവിധാനം ഏറെ സഹായകരമാകും.

എയർ സുവിധ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിക്കുന്നതിനായി civilaviation.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 21 ദിവസത്തെ യാത്രാ ചരിത്രം, രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന വിവരം, നിലവിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം കൃത്യമായി ഫോമിൽ രേഖപ്പെടുത്തണമെന്ന് എംബസി യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Air Suvidha form mandatory for those traveling to India; Indian Embassy in Doha issues notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.