ദോഹ: മുതിർന്ന പൗരന്മാരുടെ ശാക്തീകരണ-പരിചരണ കേന്ദ്രമായ ‘ഇഹ്സാനു’മായി സഹകരിച്ച് മുതിർന്ന പൗരന്മാർക്കായി ‘ക്വാളിറ്റി ഓഫ് ലൈഫ്’ എന്ന പ്രമേയത്തിൽ മാനസികാരോഗ്യ പ്രമോഷൻ പദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. തുടർച്ചയായ നാലാം വർഷമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മുതിർന്ന പൗരന്മാരുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ഖത്തറിന്റെ സാമൂഹിക, ആരോഗ്യ, സാമ്പത്തിക, സാംസ്കാരിക വികസനത്തിൽ അവർ നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുകയുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 80 അവബോധ ശിൽപശാലകളും പ്രഭാഷണങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ 180-ഓളം മുതിർന്ന പൗരന്മാർക്ക് പ്രയോജനം ലഭിച്ചു. സെപ്റ്റംബർ വരെ ഈ പ്രവർത്തനങ്ങൾ തുടരും.
മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് ഈ ഉദ്യമം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ പ്രോഗ്രാംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി ഊന്നിപ്പറഞ്ഞു. മുതിർന്ന തലമുറയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഖത്തരി കുടുംബ ഘടനയുടെ അടിസ്ഥാന തൂണുകളായ അവരുടെ സുപ്രധാന പങ്ക് ഉറപ്പാക്കുന്നതിനുമായി രാജ്യം ശക്തമായ നിയമങ്ങളും നയങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെന്ററിംഗ് സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ എന്നിവയിലൂടെ മാനസികാരോഗ്യം, വൈകാരിക സ്ഥിരത, ജീവിതത്തിലെ സമ്മർദങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവ ഈ പരിപാടിയിലുൾപ്പെടുന്നുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളോട് നല്ല രീതിയിൽ പൊരുത്തപ്പെടാനും കുടുംബ-സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനും ഇത് അവരെ സഹായിക്കും.
മുതിർന്ന പൗരന്മാരുടെ മാനസിക ക്ഷേമം, സാമൂഹിക പൊരുത്തപ്പെടൽ, ജീവിത നിലവാരം എന്നിവ ശാസ്ത്രീയ മാനദണ്ഡങ്ങളും പ്രത്യേക ചോദ്യാവലികളും ഉപയോഗിച്ചാണ് വിലയിരുത്തുന്നത്. ‘ഇഹ്സാൻ’ കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന ഈ വിലയിരുത്തൽ, പദ്ധതിയുടെ തുടർച്ചയായ വികസനത്തിനും ഗുണഭോക്താക്കൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.