അബ്ദുൽ ബാസിത്ത് ഖത്തർ ലോകക്കപ്പ് വേദിയിൽ
ഖത്തർ ലോകകപ്പ് 2022 പലർക്കും ആവേശത്തിന്റെയും ആഘോഷത്തിന്റെയും ഓർമകളായിരുന്നെങ്കിൽ, എനിക്ക് അത് ചെറിയൊരു ‘ജഴ്‌സി പേടി’യുടെ കാലമായിരുന്നു. കാരണം വേറൊന്നുമല്ല; ഞാൻ ഏത് ടീമിന്റെ ജഴ്‌സി ഇട്ട് കളി കാണാൻ പോയാലും, ആ ടീം തോൽക്കുന്നു എന്നതായിരുന്നു കാരണം.
എല്ലാത്തിന്റെയും തുടക്കം ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിലായിരുന്നു. അർജന്റീനയുടെ കടുത്ത ആരാധകനൊന്നുമല്ലെങ്കിലും, മെസ്സിയെ നേരിൽ കാണണമെന്ന ആഗ്രഹം കൊണ്ടാണ് കുടുംബസമേതം അർജന്റീന ജേഴ്‌സിയും ധരിച്ച് സൗദിക്കെതിരായ മത്സരം കാണാൻ പോയത്. ലോകം മുഴുവൻ അർജന്റീനയുടെ എളുപ്പജയം പ്രതീക്ഷിച്ചിരുന്ന മത്സരത്തിൽ സംഭവിച്ചത് ഫുട്ബാൾ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായിരുന്നു. സൗദി അറേബ്യ അർജന്റീനയെ ഞെട്ടിച്ചു. അന്ന് സ്റ്റേഡിയത്തിൽ നിന്നിറങ്ങുമ്പോൾ എനിക്ക് തോന്നിയത്, ‘ശരി, ഇത് ഒറ്റത്തവണ സംഭവിച്ചതായിരിക്കും’ എന്നായിരുന്നു.
പക്ഷേ കഥ അവിടെ അവസാനിച്ചില്ല. അടുത്ത അവസരം ഖത്തറിനുവേണ്ടി ആയിരുന്നു. ആതിഥേയ രാജ്യമെന്ന ആവേശം, സ്റ്റേഡിയത്തിലെ നിറഞ്ഞ പിന്തുണ, ജേഴ്‌സിയിട്ടുള്ള എന്റെ ആത്മവിശ്വാസം...എല്ലാം ഉണ്ടായിരുന്നു. എന്നാൽ നെതർലാൻഡ്സിനെതിരെ ഖത്തറും തോൽവി ഏറ്റുവാങ്ങി. അപ്പോഴും ഞാൻ കാര്യമായി എടുത്തില്ല. ‘ഫുട്ബോളല്ലേ, തോൽവിയും ജയവും സ്വാഭാവികം’ എന്ന് കരുതി.
എന്നാൽ, ഡിസംബർ ഒന്നിനാണ് എന്റെ ‘മാൻഡ്രേക്ക് ഇഫക്ട്’ ശരിക്കും മനസ്സിലായത്. എന്റെ സ്വന്തം ടീമായ സ്പെയിൻ ജപ്പാനെതിരെ കളിക്കാനിറങ്ങി. പതിവുപോലെ സ്പെയിൻ ജഴ്‌സിയിട്ട് ഞാൻ ആവേശത്തോടെ സ്റ്റേഡിയത്തിലെത്തി. പക്ഷേ മത്സരഫലം വന്നപ്പോൾ സ്പെയിൻ ജപ്പാനോട് പരാജയപ്പെട്ടു. അന്ന് സുഹൃത്തുക്കൾ വിധി പ്രഖ്യാപിച്ചു:
‘ഇനി നീ ജഴ്‌സിയിട്ട് സ്റ്റേഡിയത്തിലേക്ക് വരരുത്!’
എന്നാൽ ഫുട്ബാൾ ആവേശം അങ്ങനെ കേട്ടിരിക്കുമോ? അടുത്ത ദിവസം തന്നെ ബ്രസീൽ -കാമറൂൺ മത്സരം കാണാൻ ബ്രസീൽ ജഴ്‌സിയിട്ട് പോയി. ബ്രസീൽ ആരാധകരായ കൂട്ടുകാർക്ക് എന്നെ കണ്ടപ്പോൾ തന്നെ ചെറിയൊരു സംശയം തോന്നിയിരുന്നു. കളി കഴിഞ്ഞപ്പോൾ ആ സംശയം ഭയങ്കര സത്യമായി. ബ്രസീൽ കാമറൂണിനോട് 1-0 ന് തോറ്റു. അന്ന് ബ്രസീൽ ആരാധകരായ കൂട്ടുകാർ എന്നെ നോക്കിയ മുഖഭാവം ഇന്നും മറക്കാനാവില്ല. ‘നിന്നെ കൊണ്ടാണ്!’ എന്ന ആരോപണം പറയാതെയും പറഞ്ഞതുപോലെ.
അതോടെ ഞാൻ തീരുമാനിച്ചു; ഇനി ജേഴ്‌സി വേണ്ട. സ്റ്റേഡിയത്തിലേക്ക് സാധാരണ വസ്ത്രം മാത്രം.
ആ തീരുമാനം എടുത്തതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. ജഴ്‌സിയില്ലാതെ പോയ മത്സരങ്ങളിൽ മെക്സിക്കോയും പോർച്ചുഗലും ജയിച്ചു. അർജന്റീനയുടെ സെമിഫൈനലും അതേ രീതിയിൽ വിജയത്തിന്റെ ഓർമ്മയായി. പിന്നീടുള്ള നിരവധി മത്സരങ്ങൾ ഫിഫ വളണ്ടിയർ എന്ന നിലയിലും കാണാൻ ഭാഗ്യം ലഭിച്ചു. പക്ഷേ ഒരു കാര്യത്തിൽ ഞാൻ അതീവ ജാഗ്രത പുലർത്തി; ഇനി ഒരു ടീമിന്റെയും ജേഴ്‌സിയിട്ട് കളി കാണാൻ പോകരുത്.
ഇത് ഫുട്ബാൾ വിശ്വാസമാണോ, യാദൃശ്ചികതയാണോ, സുഹൃത്തുക്കളുടെ തമാശയാണോ എന്നറിയില്ല. പക്ഷേ ഖത്തർ ലോകകപ്പിലെ എന്റെ ഏറ്റവും രസകരമായ ഓർമ്മകളിലൊന്ന് ഇതുതന്നെയാണ്. മെസ്സിയെ കാണാൻ പോയ ദിവസം അർജന്റീന തോറ്റത് മുതൽ ബ്രസീൽ ആരാധകരുടെ കോപനോട്ടം വരെ, ഓരോ മത്സരവും ഇന്നും ചിരിയോടെ ഓർക്കുന്നു.
ഫുട്ബാളിൽ ചിലർക്ക് ഭാഗ്യജേഴ്‌സിയുണ്ടാകും. ചിലർക്ക് ഭാഗ്യസീറ്റും ഭാഗ്യഷൂസും ഉണ്ടാകും. എനിക്ക് മാത്രം ഒരു പ്രത്യേക റെക്കോർഡുണ്ട്; ജേഴ്‌സിയിട്ടാൽ ടീം അപകടത്തിൽ!
ഇനി ആരെങ്കിലും വലിയ മത്സരത്തിന് മുമ്പ് എന്നോട് ചോദിച്ചാൽ,
‘ഏത് ടീമിനൊപ്പമാണ്?’
എന്റെ മറുപടി ലളിതം:
‘ടീമിനൊപ്പം മനസ്സിൽ മാത്രം. ജേഴ്‌സി വീട്ടിൽ തന്നെ!’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.