ദോഹ: ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച കേരളാ ബജറ്റ് 2026 പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതാണെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന്റെ ഭാവിവികസനത്തിന് പ്രവാസികളുടെ ‘റെമിറ്റൻസ്’ മാത്രം മതിയാകില്ലെന്ന യാഥാർഥ്യം ഇത്തവണത്തെ ബജറ്റ് വ്യക്തമായി അടയാളപ്പെടുത്തുന്നു. ‘റെമിറ്റൻസ് ഇക്കണോമി’ എന്ന നിലയിൽ നിന്ന് ‘ഇൻവെസ്റ്റ്മെന്റ് ഇക്കണോമി’ എന്ന പുതിയ സാമ്പത്തിക മാതൃകയിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്.
അതായത്, പ്രവാസികൾ പണം അയക്കുന്നവരായി മാത്രമല്ല, അറിവും അനുഭവവും മൂലധനവും പങ്കിടുന്ന വികസന പങ്കാളികളായും മാറണമെന്ന് ഈ ബജറ്റിൽ നിർദേശിക്കുന്നു. ഈ മാറ്റത്തിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള ബജറ്റിലെ നിർദേശം ഏറെ അഭിനന്ദനാർഹമാണെന്ന് ദോഹയിൽ കൂടിയ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ പ്രവാസികൾക്കും ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്കും സർക്കാർ വികസനപദ്ധതികളിൽ നിക്ഷേപകരാകാൻ കഴിയുന്ന തരത്തിൽ 25,000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കം വലിയ പ്രതീക്ഷ നൽകുന്നതാണ്. ഇത് പ്രവാസി നിക്ഷേപത്തെ വലിയ കോർപറേറ്റുകളുടെ പരിധിയിൽനിന്ന് പൊതുജനങ്ങളിലേക്കെത്തിക്കുന്ന ജനകീയ ചുവടുവെപ്പാണ്. സ്റ്റാർട്ടപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർധിത സംരംഭങ്ങൾ, ആരോഗ്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ കൂട്ടായ നിക്ഷേപത്തിനുള്ള സാധ്യതകൾ കേരളത്തിന്റെ വികസന യാത്രക്ക് പുതിയ ദിശ നൽകും. പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപവത്കരണ പ്രഖ്യാപനം പ്രത്യേകമായി എടുത്തു പറയേണ്ടതാണ്. ഇത് പ്രവാസികളുടെ സമ്പാദ്യങ്ങൾക്ക് സുരക്ഷിതവും ദീർഘകാല മൂല്യവർധനവുമായ നിക്ഷേപ മാർഗം ഒരുക്കുമെന്ന് ഇൻകാസ് പ്രതീക്ഷിക്കുന്നു. പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ സാമ്പത്തിക സുരക്ഷയും സ്ഥിരതയുമുള്ള ഭാവി ഉറപ്പാക്കുന്നതിലും ഈ പദ്ധതി നിർണായകമാകുമെന്നും യോഗം വിലയിരുത്തി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും ട്രഷറർ ജീസ് ജോസഫ് നന്ദിയും പറഞ്ഞു. ഇൻകാസ് രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, വി.എസ്. അബ്‌ദുൽ റഹ്‌മാൻ, ശ്രീജിത്ത് എസ്. നായർ, സി. താജുദ്ദീൻ, അഷറഫ് വടകര, ജൂട്ടസ് പോൾ, നാസർ മുഹമ്മദ്, ശ്രീരാജ് എം.പി കൂടാതെ മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.