ദോഹ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഈ നീക്കം ബഹ്‌റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വ്യക്തമാക്കി. ശനിയാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു പ്രകോപനവുമില്ലാതെയുള്ള ഇത്തരം ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം നിലപാട് വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്രത്തിന്റെയും ചർച്ചകളുടെയും പാത തുടരണം.
നിലവിലുള്ള ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിൽ സംഘർഷങ്ങൾ ലഘൂകരിക്കാനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബഹ്‌റൈനോട് ഖത്തറിനുള്ള പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.