ഖത്തർ-ഇന്ത്യ കളിയിൽനിന്ന്
ദോഹ: എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ പൊരുതിക്കീഴടങ്ങി ഇന്ത്യ. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ഖത്തർ, വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബ്രൂണെക്കെതിരെ (13-0) വമ്പൻ വിജയമാണ് നേടിയത്. ഗ്രൂപ് ‘എച്ചി’ൽ തുടർച്ചയായ രണ്ടാം ജയവും നേടി ഖത്തർ കുതിപ്പ് തുടരുകയാണ്. വിജയത്തോടെ ആറ് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ. ബ്രൂണെയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ബഹ്റൈനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ, 67ാം മിനിറ്റിൽ ഖത്തറിന് അനുകൂലമായി ലഭിച്ച വിവാദ പെനാൽറ്റിയാണ് കളിയുടെ ഗതി മാറ്റിയത്. തുടർന്ന് പത്തു പേരുമായി കളിച്ചാണ് ശക്തരായ ഖത്തറിനെതിരെ ഇന്ത്യ പൊരുതി വീണത്.മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഖത്തറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാൽ, കളിയുടെ 18ാം മിനിറ്റിൽ ഹാശ്മി അൽ ഹുസൈൻ ആതിഥേയർക്കായി ആദ്യ ഗോൾ നേടി.
എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം മുഹമ്മദ് സുഹൈലിന്റെ തകർപ്പൻ ഹെഡർ ഗോളിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി കിക്ക് ക്യാപ്റ്റൻ അൽ ശർശാനി വലയിലെത്തിച്ചതോടെ ഖത്തർ ലീഡ് നേടി. ഫൗളിന്റെ പേരിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട പ്രതിരോധതാരം പ്രംവീർ പുറത്തുപോയതോടെ ഇന്ത്യ പത്തുപേരിലേക്ക് ചുരുങ്ങി. കളത്തിൽ അംഗബലം കുറഞ്ഞിട്ടും പ്രതിരോധത്തിലേക്ക് ചുരുങ്ങാതെ മികച്ച ആക്രമണ ഫുട്ബാളാണ് ഇന്ത്യ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.