ഫിഫ അണ്ടർ 17 ലോകകപ്പിൽ പന്തുതട്ടുന്ന ടീം പ്രതിനിധികൾ നറുക്കെടുപ്പ് വേദിയിൽ ടൂർണമെന്റ് ട്രോഫിക്കൊപ്പം
ദോഹ: നവംബർ-ഡിസംബർ മാസത്തിലെ തണുപ്പിന് കളിച്ചൂട് പകരാനായി വിരുന്നെത്തുന്ന കാൽപന്തുത്സവത്തിലെ നിർണായക ഘട്ടം പൂർത്തിയാക്കി ആതിഥേയരായ ഖത്തർ. അണ്ടർ 17 ലോകകപ്പും ഫിഫ അറബ് കപ്പും ഉൾപ്പെടുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് പൂർത്തിയായതോടെ ആരാധകരുടെ കാത്തിരിപ്പ് വമ്പൻ മേളയുടെ പോരാട്ടച്ചൂടിലേക്ക്. ഞായറാഴ്ച രാത്രിയിൽ ലുസൈലിലെ റാഫിൾസ് ഹോട്ടലിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ഇരു ടൂർണമെന്റുകളുടെയും നറുക്കെടുപ്പ് പൂർത്തിയായത്.
ഭാവിയിലെ താരങ്ങളുടെ പ്രതിഭയെ ലോകം അടയാളപ്പെടുത്തുന്ന അണ്ടർ 17 ലോകകപ്പിന്റെ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത് കൗമാരകാലത്തെ പ്രതിഭയിലൂടെ കാൽപന്തുലോകത്തെ അതിശയിപ്പിച്ച ജർമനിയുടെ യൂലിയൻ ഡ്രാക്സ്ലറായിരുന്നു. ഫിഫ യൂത്ത് ടൂർണമെന്റ് മേധാവി റോബർടോ ഗ്രാസിയും ഖത്തറിന്റെ മുൻ താരം അബ്ദുൽ അസീസ് അൽ സുലൈതിയും നറുക്കെടുപ്പിനെ നയിച്ചു. അറബ് കപ്പ് നറുക്കെടുപ്പിന് പിന്നാലെയായിരുന്നു 48 ടീമുകൾ ഗ്രൂപ് റൗണ്ടിൽ മാറ്റുരക്കുന്ന കൗമാര ലോകകപ്പിന്റെ നറുക്കെടുപ്പ് നടന്നത്. നവംബർ മൂന്നിന് കിക്കോഫ് കുറിച്ച് 27വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്ക് ആസ്പയർ സോൺ കോപ്ലക്സിലെ കളിയിടങ്ങളാണ് വേദിയൊരുക്കുന്നത്. ഫൈനൽ മത്സരത്തിന് ഖലീഫ സ്റ്റേഡിയം സാക്ഷ്യംവഹിക്കും. ഫിജി, എൽ സാൽവദോർ, അയർലൻഡ്, ഉഗാണ്ട, സാംബിയ ടീമുകൾ ടൂർണമെന്റിൽ അരങ്ങേറ്റക്കാരായാണ് പന്തുതട്ടുന്നത്.
ജർമൻ താരം യൂലിയൻ ഡ്രാക്സ്ലർ ഫിഫ അണ്ടർ 17 ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ
അർജന്റീനക്ക് ഗ്രൂപ് കടുപ്പം
ലോകഫുട്ബാളിൽ ഏറ്റവും ആരാധകരുള്ള അർജന്റീനക്ക് ഗ്രൂപ് റൗണ്ട് കഠിനമാവുമ്പോൾ ബ്രസീലിന് ഏറക്കുറെ അനായാസമായി മാറും. യൂറോപ്യൻ കരുത്തരായ ബെൽജിയം, ആഫ്രിക്കൻ പവർഹൗസായ തുനീഷ്യയുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ എതിരാളികൾ. ലയണൽ മെസ്സിയുടെ പിന്മുറക്കാർ ഗ്രൂപ്പിൽനിന്ന് മുന്നേറണമെങ്കിൽ വിയർക്കേണ്ടി വരും. അതേസമയം, ഗ്രൂപ് ‘എച്ചിൽ’ ഹോണ്ടുറസ്, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയവർക്കൊപ്പമാണ് ബ്രസീൽ. നിലവിൽ യൂത്ത് ഫുട്ബാളിൽ കരുത്തരായി മാറുന്ന ഇന്തോനേഷ്യയാവും പ്രധാന വെല്ലുവിളി. ആതിഥേയരായ ഖത്തറിന് ഇറ്റലിയും ദക്ഷിണാഫ്രിക്കയും ബൊളീവിയയും ഉൾപ്പെടുന്ന ഗ്രൂപ് കടുത്തതായി മാറും. നവംബർ മൂന്നിന് ഖത്തർ - ഇറ്റലി തമ്മിലാവും ഉദ്ഘാടന മത്സരം. മറ്റൊരു ഗൾഫ് സാന്നിധ്യമായ യു.എ.ഇ, സെനഗാൾ, ക്രൊയേഷ്യ ടീമുകൾക്കൊപ്പം ഗ്രൂപ് സിയിലാണുള്ളത്.
ഗ്രൂപ് എ: ഖത്തർ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ
ഗ്രൂപ് ബി: ജപ്പാൻ, മൊറോക്കോ, ന്യൂകാലിഡോണിയ, പോർചുഗൽ
ഗ്രൂപ് സി: സെനഗാൾ, ക്രൊയേഷ്യ, കോസ്റ്ററീക, യു.എ.ഇ
ഗ്രൂപ് ഡി: അർജന്റീന, ബെൽജിയം, തുനീഷ്യ, ഫിജി
ഗ്രൂപ് ഇ: ഇംഗ്ലണ്ട്, വെനിസ്വേല, ഹെയ്തി, ഈജിപ്ത്
ഗ്രൂപ് എഫ്: മെക്സികോ, ദക്ഷിണ കൊറിയ, ഐവറി കോസ്റ്റ്, സ്വിറ്റ്സർലൻഡ്
ഗ്രൂപ് ജി: ജർമനി, കൊളംബിയ, ഉത്തര കൊറിയ, എൽസാൽവദോർ
ഗ്രൂപ് എച്ച്: ബ്രസീൽ, ഹോണ്ടുറസ്, ഇന്തോനേഷ്യ, സാംബിയ
ഗ്രൂപ് ഐ: അമേരിക്ക, ബുർകിന ഫാസോ, തജികിസ്താൻ, ചെക്ക് റിപ്പബ്ലിക്
ഗ്രൂപ് ജെ: പരഗ്വേ, ഉസ്ബെകിസ്താൻ, പാനമ, അയർലൻഡ്
ഗ്രൂപ് കെ: ഫ്രാൻസ്, ചിലി, കാനഡ, ഉഗാണ്ട
ഗ്രൂപ് എൽ: മാലി, ന്യൂസിലൻഡ്, ഓസ്ട്രിയ, സൗദി അറേബ്യ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.