ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ എച്ച്.ബി.കെ.യു പ്രസ് പവിലിയൻ
ദോഹ: അറബ് സാഹിത്യവും രചനകളും ഉൾപ്പെടെ സാംസ്കാരിക സംവാദ വേദിയായി 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അന്താരാഷ്ട്ര മേളയിൽ വാരാന്ത്യ അവധി ദിനങ്ങളിൽ ഏറ്റവും കൂടുതൽ പേർ സന്ദർശകരായെത്തിയതും അറബ് സാഹിത്യലോകം നേരിട്ടറിയാൻ ആയിരുന്നു ഫലസ്തീൻ വിശിഷ്ടാതിഥിയായി എത്തുന്ന മേളയിൽ ഇതാദ്യമായി ഫലസ്തീനിൽനിന്നുള്ള 11 പ്രസാധകരാണ് പങ്കെടുക്കുന്നത്. ഫലസ്തീൻ ജനതയുടെ സമ്പന്നമായ ചരിത്രം ചൂണ്ടിക്കാട്ടുന്ന സാംസ്കാരിക കലാസൃഷ്ടികളും രചനകളും പ്രസിദ്ധീകരണങ്ങളും വിവിധ പവലിയനുകളിലായി പ്രദർശിപ്പിക്കുന്നുണ്ട്.
അറബ് മേഖലയിൽ സജീവമായ സാഹിത്യ പൈതൃകത്തെ ഉയർത്തിക്കാട്ടി മേളയിൽ ശക്തമായി നിലയുറപ്പിച്ച അറബി സാഹിത്യങ്ങൾക്കൊപ്പം ഇംഗ്ലീഷ് പ്രസിദ്ധീകരണാലയങ്ങളുടെ പവലിയനുകളിലും വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്, ഹാർവാർഡ് യൂനിവേഴ്സിറ്റി പ്രസ്, സമർഖന്ദ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഇംഗ്ലീഷ് പ്രസാധകരാണ് മേളക്കെത്തിയിരിക്കുന്നത്. അറബി, ഇംഗ്ലീഷ് സാഹിത്യങ്ങളോടുള്ള സന്ദർശകരുടെ താൽപര്യത്തെയാണ് പവലിയനുകളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.
മേളയുടെ ആദ്യ ദിവസങ്ങളിൽതന്നെ പുസ്തകങ്ങൾക്കായി നിരവധി പേരാണ് പവലിയനുകളിലെത്തുന്നതെന്നും അധികപേരും അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണെന്നും, എന്നാൽ ഇംഗ്ലീഷ് സംസാരിക്കുന്നവരും ജർമനിയിൽനിന്നുള്ളവരുമായി കുറേപേർ എത്തുന്നുണ്ടെന്നും പവലിയനുകളിലെ ജീവനക്കാർ പറയുന്നു. അറബ് സാഹിത്യങ്ങളുടെ ശക്തമായ സാന്നിധ്യത്തിനിടയിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായുള്ള സന്ദർശകരുടെ താൽപര്യം ഏറെ സന്തോഷിപ്പിക്കുന്നുവെന്നും സന്ദർശകരിൽ അധികപേരും യുവാക്കളാണെന്നും ജീവനക്കാർ പറഞ്ഞു.
നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നുവെന്ന സവിശേഷതയും പുസ്തകമേളക്കുണ്ട്. വലിയ മൾട്ടിമീഡിയ ടച്ച് സ്ക്രീനുകൾ വായനക്കാർക്ക് പുസ്തക ലഭ്യത വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നതോടൊപ്പം ഹോളോഗ്രാഫിക് ഡിസ്പ്ലേകൾ നൂതനമായ രീതികളിൽ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ സന്ദർശകരെ സഹായിക്കാനായി റോബോട്ടും എപ്പോഴും മേളയിലുടനീളം കറങ്ങിനടക്കുന്നുമുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിന് നിരവധി സന്നദ്ധ പ്രവർത്തകരെയാണ് സംഘാടകർ വിന്യസിച്ചിരിക്കുന്നത്.
സന്ദർശകർക്കുള്ള സേവനങ്ങളിൽ വായനാ ഗൈഡ്, ഹെൽപ് ഡെസ്ക്, പോർട്ടർ സേവനം, സൗജന്യ പാർക്കിങ് എന്നിവയും ഉൾപ്പെടും. ഖത്തറിൽനിന്നും പുറത്ത് നിന്നുമുള്ള എഴുത്തുകാർ, പ്രസാധാകർ, ചിന്തകർ, കവികൾ എന്നിവരുമായി നേരിട്ട് ഇടപഴകാൻ വായനക്കാർക്കുള്ള സവിശേഷ അവസരം കൂടിയാണ് ഓരോ പുസ്തകമേളയും.43 രാജ്യങ്ങളിൽനിന്നായി 522 പ്രസാധക സ്ഥാപനങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. മെയ് 17നാണ് മേള അവസാനിക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.