അൽ വക്​റ ആശുപത്രിയിലെ അക്യൂട്ട് പെയിൻ മാനേജ്മെൻറ് സേവനകേന്ദ്രം ജീവനക്കാർ

അൽ വക്റ ആശുപത്രിയിൽ വേദന ലഘൂകരണ കേന്ദ്രം തുറന്നു

ദോഹ: ശസ്​ത്രക്രിയ കഴിഞ്ഞ രോഗികൾക്കും പൊള്ളലേറ്റവർക്കും ആശ്വാസമായി അൽ വക്റ ആശുപത്രിയിൽ പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചു. രോഗികളുടെ വേദന ലഘൂകരിക്കുകയെന്ന ലക്ഷ്യവുമായാണ്​ അക്യൂട്ട് പെയിൻ മാനേജ്മെൻറ് സേവനം നൽകുന്ന വിഭാഗം തുറന്നിരിക്കുന്നത്​. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലാണ്​ അൽ വക്റ ആശുപത്രി പ്രവർത്തിക്കുന്നത്.

പെയിൻ മാനേജ്മെൻറിൽ വിദഗ്ധരായ മൂന്ന് നഴ്സുമാരുൾപ്പെടെയുള്ള പരിചയസമ്പന്നരായ സംഘമാണ്​ സേവനത്തിന് നേതൃത്വം നൽകുന്നത്. രോഗികൾക്ക് മികച്ച സേവനം നൽകുന്നതിന് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതി‍െൻറ ഭാഗമായാണ് പുതിയ അക്യൂട്ട് പെയിൻ മാനേജ്മെൻറ് സേവനം ആരംഭിച്ചതെന്ന് അൽ വക്റ ആശുപത്രിയിലെ അനസ്​തേഷ്യോളജി ആൻഡ് പെയിൻ മാനേജ്മെൻറ് കൺസൽട്ടൻറ് ഡോ. അബ്​ദുല്ല ഫാതി നസൽ പറഞ്ഞു.

വേദന കാരണം കഷ്​ടപ്പെടുന്നവരുടെ വേദനയകയറ്റുന്നതിനും ലഘൂകരിക്കുന്നതിനുമായുള്ള മെഡിസിൻ ശാഖയാണ് പെയിൻ മാനേജ്മെൻറ്. വിദഗ്ധ പരിശോധനകളിലൂടെ രോഗികളുടെ വേദനയകറ്റി മികച്ച ചികിത്സ നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡോ. നസൽ പറഞ്ഞു.

ശസ്​ത്രക്രിയ കഴിഞ്ഞ് രോഗികൾ തിയറ്ററിൽനിന്നും പുറത്തിറങ്ങുന്നതോടെ അവർക്ക് പലവിധ വേദനകളും പ്രയാസങ്ങളും തുടങ്ങും. രോഗം ഭേദമാകുന്നതോടൊപ്പം വേദനയകറ്റുന്നതിനുള്ള പരിശോധനയും ചികിത്സയും പുതിയ അക്യൂട്ട് പെയിൻ മാനേജ്മെൻറ് കേന്ദ്രത്തിൽ ഉറപ്പുവരുത്തും.

തീപൊള്ളലേറ്റ വ്യക്തിയിലുണ്ടാകുന്ന വേദന അതിസങ്കീർണമാണ്​. അവരുടെ വേദനകൂടി ലഘൂകരിക്കുന്ന സേവനങ്ങൾ ഇതിലൂടെ നൽകും. അക്യൂട്ട് പെയിൻ മാനേജ്മെൻറ് സംഘത്തിലുൾപ്പെടുന്ന എല്ലാവർക്കും ഒരു വർഷത്തിലേറെയായി മികച്ച പരിശീലനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി സേവനം ഉടൻ തന്നെ വിപുലമാക്കാനാണ് അൽ വക്റ ആശുപത്രി അധികൃതരുടെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.