എഫ്.സി.സി പത്താംവാർഷികമായ ഖത്തർ കേരളിയം 2015 ആഘോഷ ചടങ്ങിൽ നടൻ ശ്രീനിവാസൻ
ദോഹ: സൗഹൃദത്തിന്റെ താഴ്വാരമായ ഫ്രൻഡ്സ് കൾച്ചറൽ സെന്ററിന്റെ (എഫ്.സി.സി) പത്താം വാർഷികമായ ഖത്തർ കേരളീയം 2015ന്റെ ഉദ്ഘാടകനായാണ് മലയാളത്തിന്റെ മഹാപ്രതിഭ ശ്രീനിവാസനെ ക്ഷണിച്ചത്. ഏറെ സന്തോഷത്തോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, രജനികാന്തിന്റെ സുഹൃത്തും നടനും സംവിധായകനുമായ ആദം അയ്യൂബ് എന്നിവരും നാട്ടിൽനിന്ന് അതിഥികളായുണ്ടായിരുന്നു. ഖത്തർ ചാരിറ്റിയിൽനിന്നുള്ള അബ്ദുൽ നാസർ അൽറാഫി, അലിഗരിബി എന്നിവരും ഖത്തർ മലയാള സമൂഹത്തിലെ പ്രമുഖ സാമൂഹിക വ്യക്തിത്വങ്ങളുമടക്കം മൂവായിരത്തോളം വരുന്ന ജനാവലിക്ക് മുന്നിൽ സൗഹൃദവും സ്നേഹവും അന്യംനിൽകുന്ന വർത്തമാനകാലത്ത് മണ്ണിനോടും വിണ്ണിനോടും മനുഷ്യനോടും പുലർത്തേണ്ട സൗഹൃദങ്ങളെക്കുറിച്ച് ശ്രീനിവാസൻ വാചാലനായി. കഴിക്കുന്ന ഭക്ഷണത്തിൽ വിഷം ചേർത്ത് പതിനായിരങ്ങൾ കാൻസറടക്കമുള്ള മാറാവ്യാധികൾക്ക് ഇരയാക്കപ്പെടുന്നതിന്റെ സങ്കടവും രോഷവും അദ്ദേഹം പങ്കുവെച്ചു. പണവും അധികാരവും നേടാൻ വർഗീയത സൃഷ്ടിക്കുകയാണ്. സമകാലസമൂഹം അനുഭവിക്കുന്ന മുഴുവിഷയങ്ങളും നർമരൂപത്തിൽ അദ്ദേഹം സംസാരിച്ചു.
2004ലാണ് എഫ്.സി.സി ആരംഭിച്ചത്. ഭാവനാത്മകതയും കാരുണ്യവർഷത്തിന്റെ ആത്മീയഭാവവും അതിനേക്കാളുപരി കൂട്ടായ്മയുടെ സൗന്ദര്യവും പകർന്നാണ് എഫ്.സി.സി എന്ന സൗഹൃദത്തിന്റെ ഈന്തപ്പനച്ചോട്ടിലേക്ക് ഓരോരുത്തരും കടന്നുവന്നിരുന്നത്. 2004 മുതൽ വർഷംതോറും നടന്നുവന്ന ഖത്തറിന്റെ മലയാള സാംസ്കാരികോത്സവമാണ് ഖത്തർ കേരളീയം. ഖത്തറിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിനിമാഭിനയം പഠിക്കുന്ന കാലത്ത് പി.എ. ബക്കറിന്റെ സംഘഗാനം എന്ന ചിത്രത്തിൽ നായകനായി വിളിച്ച സംഭവം അദ്ദേഹം സ്മരിച്ചു. സുന്ദരനായ മറ്റൊരാളെ എന്താണ് നായകനായി വിളിക്കാത്തത് എന്ന് സംവിധായകനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ദരിദ്ര ലുക്ക് ഇല്ല, അത് ശ്രീനിക്കാണുള്ളത് എന്ന് പറഞ്ഞത്രെ. ഇപ്പോഴും അതേ ദരിദ്ര ലുക്ക് മെയിന്റെയിൻ ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞ് സ്വതഃസിദ്ധമായി ചിരിച്ചു. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കുട്ടികളോടൊത്ത് സർഗസംവാദം എന്ന പേരിൽ ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ അൽപനേരം പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ കുറച്ച് അരിശപ്പെട്ടു. എങ്കിലും, എന്നോടൊപ്പം പരിപാടിയിലേക്ക് വരുകയും ഗതാഗത നിയമങ്ങൾപോലെത്തന്നെ ജൈവകൃഷിയും സാമൂഹിക വിഷയങ്ങളും പാഠ്യവിഷയങ്ങളിലുണ്ടാകണമെന്നും വായനശീലം വളർത്തണമെന്നും യാതനകളുടെയും വേദനകളുടെയും ലോകത്ത് സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നും കുട്ടികളോട് ആവശ്യപ്പെട്ടു. അവരോടൊപ്പം രസകരമായി സംസാരിച്ച് ധാരാളം സമയം ചെലവിട്ടു. എത്രപെട്ടെന്നാണ് ശ്രീനിയേട്ടനോടൊപ്പമുള്ള മൂന്ന് ദിവസങ്ങൾ കഴിഞ്ഞുപോയത്. ഓരോ സംസാരപോയന്റിലും ഒരു നർമം, ഒരു ചിരി. നാട്ടിലേക്ക് പോകാൻനേരം ശ്രീനിയേട്ടൻ അടുത്തേക്ക് വിളിച്ചു. നാടക മത്സരം, കൾച്ചറൽ തീംഷോ, ഫുഡ് എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങി ഖത്തർ കേരളീയം പരിപാടികൾക്കുള്ള ചെലവുകൾ എങ്ങനെയാണെന്ന് അന്വേഷിച്ചു. പ്രോഗ്രാമിന് അംഗീകാരം നൽകുന്നത് ഖത്തർ ചാരിറ്റിയാണ്. പിന്നെ എഫ്.സി.സി കുടുംബത്തിന്റെ വാളന്റിയർ സേവനമാണ് എല്ലാം. ആരും ഇവിടെ കാശിന് ഒന്നും ചെയ്യുന്നില്ല. പിന്നെ നല്ലവരായ മലയാളി സ്പോൺസർമാരുടെ സഹകരണംകൂടി പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പേ ശ്രീനിയേട്ടൻ പറഞ്ഞു, എനിക്ക് എന്റെ ടിക്കറ്റ് കാശ് മാത്രം മതി. വൈകാരികമായിരുന്നു ആ പറച്ചിലും ആലിംഗനവും. നന്മകളും മൂല്യങ്ങളും പ്രസാരണം ചെയ്യാൻ സിനിമ എന്ന മാധ്യമത്തെ സമർഥമായി പ്രയോജനപ്പെടുത്തിയ ആ അതുല്യ കലാകാരന് സ്നേഹത്തോടെ, ആദരവോടെ വിട.
ഒരു സിനിമ ചർച്ചയുടെ ഓർമ പൂളപ്പൊയിൽ ബാവ അമീൻ
ദോഹയിൽ ഫ്രൻഡ്സ് കൾച്ചറൽ സെന്റർ എം.ഇ.എസ് സ്കൂളിൽ സംഘടിപ്പിച്ച ‘ഖത്തർ-കേരളീയം’ സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥികളായാണ് മലയാളത്തിന്റെ അഭിനയ പ്രതിഭ ശ്രീനിവാസനും പ്രഭാഷകൻ കെ.ഇ.എന്നും ദോഹയിലെത്തിയത്. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനുമായാണ് ഞാനും സുഹൃത്ത് റഫീഖ് മേച്ചേരിയും അദ്ദേഹം താമസിച്ച മുഗളിനയിലെ ഹോട്ടലിൽ പോയത്. ഞങ്ങൾ കാണാൻ വരുമെന്ന് പരിപാടിയുമായി ബന്ധപ്പെട്ട കോഓഡിനേറ്റർ അദ്ദേഹത്തെ അറിയിച്ചിരുന്നു. ബെല്ലടിച്ചപ്പോൾ തന്നെ കതക് തുറന്ന് ഞങ്ങളെ സ്വീകരിച്ചിരുത്തി. സിനിമയുടെ തിരക്കഥ എഴുതുന്ന തിരക്കിട്ട ജോലിയിലായിരുന്നിട്ടുകൂടി സംസാരിക്കാൻ അവസരം തന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
സിനിമയെക്കുറിച്ചും സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സംസാരം ഏറെനേരം നീണ്ടു. മുറിയിലെ സിഗരറ്റിന്റെ ഗന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കഥ രൂപപ്പെടണമെങ്കിൽ അതും ആവശ്യമാണെന്ന് ഒരു വലിയ ചിരിചിരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഞാനെഴുതിവെച്ച കഥ സിനിമയാക്കുന്നതിനെക്കുറിച്ചായി സംസാരം. പ്രവാസത്തിന്റെ വിങ്ങലുകളും ഹൃദ്യതയുമാണ് പ്രമേയമെന്ന് പറഞ്ഞപ്പോൾ ഏറെ പ്രശംസിച്ചു. നമുക്ക് കാര്യമായി ആലോചിക്കാമെന്നും നാട്ടിൽ വരുമ്പോൾ ബന്ധപ്പെടണമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ പേഴ്സനൽ ഫോൺ നമ്പർ തന്നു. പലപ്പോഴും സിനിമ ചർച്ചകൾ ഞങ്ങൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നത് സങ്കടമായി ഇപ്പോഴും മനസ്സിലുണ്ട്. അതു മാത്രമല്ല ഒരു മഹാ പ്രതിഭ എന്നെ കേട്ടു എന്നതിലും അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും ഓർക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. പിന്നീട് ഏറെക്കാലം ആ ബന്ധം ഞാൻ കാത്തുസൂക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.