ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സിയും ഫാൻഫോർ എഫ്.സിയും തമ്മിലെ മത്സരത്തിൽ നിന്ന്
സിറ്റി എക്സ്ചേഞ്ച്, ഫ്രണ്ട്സ് തൃശൂർ, തമിഴർ സംഘം, ഫ്രൈഡേ ഫിഫ ടീമുകൾക്ക് ജയം
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ കളിയാവേശമായി ഖത്തർ ഇന്ത്യൻ അസോസിയേഷൻ ‘ഖിയ’ ചാമ്പ്യൻസ് ലീഗിന് ആവേശോജ്ജ്വല തുടക്കം. വാരാന്ത്യ ദിവസങ്ങളിലായി തുടക്കം കുറിച്ച മത്സരത്തിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഫ്രണ്ട്സ് ഓഫ് തൃശൂർ, ഖത്തർ തമിഴർ സംഘം, ഫ്രൈഡേ ഫിഫ മഞ്ചേരി ടീമുകൾ വിജയത്തോടെ തുടങ്ങി.
ആദ്യദിനമായ വ്യാഴാഴ്ച നടന്ന മത്സരത്തിൽ സിറ്റി എക്സ്ചേഞ്ച്- ഫാൻഫോർ എഫ്.സിയെ 3-0ത്തിന് വീഴ്ത്തി. മാംഗ്ലൂർ എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് ഫ്രണ്ട്സ് ഓഫ് തൃശൂർ തോൽപിച്ചത്. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇൻകാസ് ഖത്തറിനെ തമിഴർ സംഘം 5-0ത്തിനും ഫ്രൈഡേ ഫിഫ മഞ്ചേരി 2-1ന് ഗ്രാൻഡ്മാൾ എഫ്.സിയെയും തോൽപിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ഉൾപ്പെടെ ക്ലബ് ഫുട്ബാളിലെ താരങ്ങളുടെ സാന്നിധ്യം വിവിധ ടീമുകൾക്ക് കരുത്തായി മാറി.
ചെന്നൈ എഫ്.സിയുടെ ഗുൽക്രീത്, ബാംഗ്ലൂർ എഫ്.സിയുടെ രോഹിത് ഡാനു, റിയൽ കാശ്മീരിന്റെ ഹമദ് മുഹമ്മദ്, ഗോകുലത്തിന്റെ നിതിൻ കൃഷ്ണ, അജാത് (ഈസ്റ്റ് ബംഗാൾ), ഷിജിൻ, നസീബ്, ബിലാൽ, നിതിൻ, ഇർഷാദ്, അജ്സൽ (മുൻ കേരള ബ്ലാസ്റ്റേഴ്സ്), ജോസൻ (മണിപ്പൂർ), മുഹമ്മദ് സലാഹ് (എഫ്.സി ബാംഗ്ലൂർ), ഫസലു, സെന്തിലാൻ, ഷാനിദ് വാളൻ, രാഹുൽ രാജ് തുടങ്ങി പ്രമുഖർ ബൂട്ടണിഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴിന് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ചാമ്പ്യൻസ് കിക്കോഫ്, അൽ വഹ കായിക പ്രതിനിധി മിർന നിർവഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ സംസാരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ, നിലങ്ങ്ഷു ഡേ, സുബ്രമണ്യ ഹെബ്ബഗേലു, വർക്കി ബോബൻ, പ്രദീപ് പിള്ള, തുടങ്ങി കമ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.