ദോഹ: 2022 ഫിഫ ലോകകപ്പ് സമയത്ത് ശരാശരി പ്രതിദിന ഡേറ്റ ഉപയോഗം 2828 ടെറാബൈറ്റിലെത്തിയതായി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) ടെക്നിക്കൽ അഫയേഴ്സ് വിഭാഗം മേധാവി അലി അൽ സുവൈദി അറിയിച്ചു. 5ജി നെറ്റ്‍വർക്കിൽ ശരാശരി ഡൗൺലോഡ് വേഗം 276 എം.ബി.പി.എസും അപ് ലോഡ് വേഗം 15 എം.ബി.പി.എസുമായിരുന്നുവെന്നും ഇക്കാലയളവിലെ പ്രതിദിന വോയ്സ് കാൾ മിനിറ്റുകൾ 4.3 കോടി പിന്നിട്ടുവെന്നും 99.8 ശതമാനം വിജയനിരക്ക് രേഖപ്പെടുത്തിയതായും അലി അൽ സുവൈദി പറഞ്ഞു.
ഫ്രീക്വൻസി സ്പെക്ട്രം മാനേജ്മെൻറ് മേഖലയിൽ സി.ആർ.എ ലോകകപ്പിൽ അഭൂതപൂർവമായ കണക്കുകൾ രേഖപ്പെടുത്തി. റേഡിയോ ആപ്ലിക്കേഷനുകൾക്കും ഉപകരണങ്ങൾക്കുമായി 25,000ത്തിലധികം അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ 20,000ത്തിലധികം റേഡിയോ ഉപകരണങ്ങൾ സ്പെക്ട്രം ടെസ്റ്റിങ് നടപടികൾക്ക് വിധേയമാകുകയും ആവശ്യമായ ടാഗ് നേടുകയും ചെയ്തതായും അൽ സുവൈദി കൂട്ടിച്ചേർത്തു. ഇത് ടൂർണമെന്റിന്റെ ഔദ്യോഗിക വേദികളിൽ ഉപയോഗിക്കാൻ ലൈസൻസികൾക്ക് അനുവാദം നൽകിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാ പാർട്ടികൾക്കും സി.ആർ.എ 3700ലധികം ഫ്രീക്വൻസികൾ അനുവദിച്ചിട്ടുണ്ട്. അതിനാൽ പ്രത്യേക ആവശ്യങ്ങളുള്ളവർക്ക് ലോകകപ്പ് സ്റ്റേഡിയത്തിനകത്തുനിന്ന് മത്സരാന്തരീക്ഷം ആസ്വദിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിന്റെ വിജയത്തിനായി രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനും തങ്ങളുടെ പരമാവധി മികവ് പുറത്തെടുത്ത് സംഭാവനകളർപ്പിക്കുന്നതിനും സി.ആർ.എ പ്രതിജ്ഞാബദ്ധമായിരുന്നു.
ടൂർണമെന്‍റ് ആരംഭിക്കുന്നതിന് രണ്ടുവർഷം മുമ്പുതന്നെ അതോറിറ്റി ഫ്രീക്വൻസി സ്പെക്ട്രം പ്ലാൻ പ്രസിദ്ധീകരിച്ചു. ടൂർണമെന്‍റ് കാലയളവിൽ ഫിഫയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഇടപെടലുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രീക്വൻസി സ്പെക്ട്രം നിരീക്ഷിക്കുന്നതിന് സി.ആർ.എ പുതിയ സാങ്കേതിക സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എല്ലാ മത്സരങ്ങളിലും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.ലോകകപ്പിലെ പ്രധാന തിരിച്ചറിയൽ കാർഡായിരുന്ന ഹയ്യാ കാർഡ് ഉപയോഗിച്ച് ലോകകപ്പ് കാലയളവിൽ മാത്രം 6,65,500 മൊബൈൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.