ദോഹ: ഖത്തറും അമേരിക്കയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
സുരക്ഷ, ഭീകരതക്കെതിരായ പോരാട്ടം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വിദേശത്തെ ഏറ്റവും വലിയ അമേരിക്കൻ എയർബേസും ഐ.എസിനെതിരായ രാജ്യാന്തര സഖ്യത്തിെൻറ ആസ്ഥാനവും ഖത്തറിലാണെന്നും ‘ലെ ല്യൂട്ടന്‍’ നൽകിയ അഭിമുഖത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
അയൽരാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനും നിരവധി രാജ്യങ്ങളുമായി പുതിയ വാണിജ്യബന്ധം സ്ഥാപിക്കാനും ഉപരോധം ഖത്തറിനെ സഹായിച്ചുവെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ചൂണ്ടിക്കാട്ടി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച് ഉപരോധരാജ്യങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉപരോധത്തിന് തൊട്ടുമുമ്പ് വരെ ഖത്തറിെൻറ അടുത്ത സഖ്യരാജ്യമായിരുന്നു സൗദി അറേബ്യയെന്നും മുൻകൂട്ടി പ്രവചിക്കാനാകാത്തവിധം പ്രവർത്തിക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ വിഷയങ്ങളിൽ എന്തെല്ലാം അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുവെങ്കിലും ഗൾഫ് മേഖലയുടെ സുരക്ഷ ജി.സി.സി ഉറപ്പുവരുത്തണമെന്നത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഖത്തറിന് മേൽ രക്ഷാകർതൃത്വം ചമയാനാണ് ഉപരോധ രാജ്യങ്ങളുടെ നീക്കമെന്നും സൗദി അറേബ്യയെ പോലെ തന്നെ അവകാശങ്ങൾ ഖത്തറിനുണ്ടെന്നും ഖത്തർ പരമാധികാര രാഷ്ട്രമാണെന്നും ചൂണ്ടിക്കാട്ടി.
ഏകാധിപത്യത്തിന് ജനങ്ങൾ എതിരാണെന്നും അറബ് വസന്തത്തിന് പിന്നിൽ അണിനിരന്ന ജനങ്ങൾ അഭിനന്ദനമർഹിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് വസന്ത സമയത്ത് ഭീകരവാദം ആ രാജ്യങ്ങളിൽ നിലവിലില്ലായിരുന്നുവെന്നും എന്നാൽ സൈനികമായി ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെയും ക്രൂരതകളെയും ജനങ്ങൾ തുറന്നുകാട്ടിയതോടെയാണ് അക്രമങ്ങൾ ആരംഭിച്ചതെന്നും ഈ സാഹചര്യം ഭീകരസംഘടനകൾ മുതലെടുക്കുകയായിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു. ഗസയിലെ ജനങ്ങൾക്കുള്ള ഏത് സഹായത്തെയും സ്വാഗതം ചെയ്യുന്നതായും അഭിമുഖത്തിനിടെ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.