ദോഹ: റഷ്യയിൽ നടക്കാനിരിക്കുന്ന 2018ലെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തറുണ്ടാകുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഏഷ്യൻ മേഖലയിൽ നിന്നും മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് എയിൽ തുടർച്ചയായ തോൽവികളാണ് ഖത്തറിന് പുറത്തേക്കുള്ള വഴി തെളിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പിലെ ഏഴാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോടും ഖത്തർ പരാജയം രുചിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തറിനെ ഉസ്ബെക് ടീം കീഴടക്കിയത്. നേരത്തെ ഇറാനോടേറ്റ പരാജയത്തിൽ നിന്നും തിരിച്ച് വരവ് സ്വപ്നം കണ്ട് താഷ്കെൻറിലേക്ക് വിമാനം കയറിയ ജോർജ് ഫൊസാറ്റിക്കും കുട്ടികൾക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
ആദ്യ പകുതിയിൽ മുൻ മത്സരങ്ങളിൽ നിന്നും വേറിട്ട് പ്രകടനത്തിൽ മികച്ച് നിന്നെങ്കിലും ഗോളിന് മുന്നിൽ ഉസ്ബെക്ക് താരങ്ങൾ പ്രതിരോധക്കോട്ട കെട്ടിയപ്പോൾ ജയം അകന്നു നിൽക്കുകയായിരുന്നു.
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഉസ്ബെക്കിസ്ഥാൻ പ്രതീക്ഷ പൂവണിഞ്ഞു. 65ാം മിനുട്ടിലാണ് ആദിൽ അഹ്മദോവ് ഖത്തറിനെതിരെ ഉസ്ബെക്കിെൻറ വിജയഗോൾ നേടിയത്. ഗോളിലൂടെ ഖത്തറിനെതിരെ മേധാവിത്വം സ്ഥാപിച്ച ഉസ്ബെക്കിസ്ഥാൻ സംഘം, സമനില ഗോൾ വഴങ്ങുന്നതിൽ ശ്രദ്ധിച്ചപ്പോൾ വീണ്ടും പരാജയമേറ്റുവാങ്ങാനായിരുന്നു സന്ദർശകരുടെ വിധി.
ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നായി നാല് പോയൻറ് മാത്രമുള്ള ഖത്തർ അവസാന സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയങ്ങളുമായി 17 പോയൻറ് നേടിയ ഇറാനാണ് ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്. കൊറിയയും ഉസ്ബെക്കിസ്ഥാനും 13ഉം 12ഉം പോയൻറുകൾ നേടി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.