ഫീസ് വര്‍ധനവിന്  സ്കൂളുകളുടെ അപേക്ഷ  പഠിച്ചശേഷം തീരുമാനം -വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഫീസ് വര്‍ധനവിന് അനുമതി തേടിക്കൊണ്ടുള്ള  സ്കൂളുകളുടെ അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് വിശദമായ പഠനം നടത്തിയതിനുശേഷം മാത്രമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഫീസ് വര്‍ധനക്കായി അപേക്ഷ നല്‍കിയാല്‍ അനുമതി ലഭിച്ചുവെന്ന് അര്‍ഥമാക്കേണ്ടതില്ല എന്നാണ് അര്‍ഥശങ്കക്ക് വകയില്ലാതെ മന്ത്രാലയം അറിയിച്ചത്. ട്വിറ്ററില്‍ കൂടിയായിരുന്നു ഈ അഭിപ്രായ പ്രകടനം. ഫീസ് വര്‍ധിപ്പിക്കണമെന്ന് കാട്ടി സ്കൂളുകള്‍ സമര്‍പ്പിച്ച മറ്റ് വിവരങ്ങള്‍ കൂടി മന്ത്രാലയം പഠിക്കും. 
സ്കൂളുകളുടെ സാമ്പത്തിക റിപ്പോര്‍ട്ടും സ്കൂള്‍ പ്രവര്‍ത്തനത്തിനായി ചെലവിടുന്ന തുകയും കൃത്യമായി അവലോകനം ചെയ്യും. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം കാര്യക്ഷമമാക്കാന്‍ സ്കൂളുകള്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പഠിച്ചശേഷമായിരിക്കും തീരുമാനം ഉണ്ടാകുക. സമഗ്രമായ മൂല്യനിര്‍ണയത്തിനുശേഷം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. 
എന്നാല്‍ സ്കൂളുകളില്‍ ഫീസ് വര്‍ധനവ് ഉണ്ടാകുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവാരം ഉള്ളപ്പോള്‍ പല സ്വകാര്യസ്കൂളുകളിലും അക്കാദമിക് നിലവാരം കുറവാണന്നും ലാഭത്തിനുവേണ്ടിയുള്ള  ലക്ഷ്യം മാത്രമായി വിദ്യാഭ്യാസം മാററരുത് എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങളും ഉണ്ടായിരുന്നു.  260 സ്കൂളുകളില്‍ 120 സ്കൂളുകളാണ്  ഫീസ് വര്‍ധനക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം 162 സ്കൂളുകളും കിന്‍റര്‍ഗാര്‍ട്ടനുകളും ഫീസ് വര്‍ധനവിന് അപേക്ഷ നല്‍കിയെങ്കിലും 55 സ്കൂളുകള്‍ക്ക് മാത്രമേ അനുമതി നല്‍കിയിരുന്നുള്ളു. 
രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധനയാണ് അനുവദിച്ചത്. 


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.