ദോഹ: ബലിപ്പെരുന്നാള്‍- ഓണം ഒരേ സമയം വന്നത്തെിയതോടെ കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ലഭ്യമല്ലാത്ത അവസ്ഥ. ലഭ്യമാകുന്ന സീറ്റുകള്‍ക്കാകട്ടെ താങ്ങാനാകാത്ത നിരക്കും.
പെരുന്നാള്‍-ഓണം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ യാത്രാക്കൂലിയുടെ പേരില്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. പോകാനും വരാനും അടക്കം 3000 ഖത്തര്‍ റിയാലില്‍ കുറഞ്ഞ് ഒരു വിമാനത്തിലും സീറ്റ് ലഭ്യമല്ല.
സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ വിമാന കമ്പനികള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ മേഖലയിലേക്ക് പൊതുവെ ഉയര്‍ന്ന നിരക്കാണ് നേരത്തെ തന്നെ വിമാന കമ്പനികള്‍ ഈടാക്കുന്നത്.
ഉത്സവ സീസണ്‍ കൂടി വന്നത്തെിയതോടെ ഈ നിരക്കില്‍ വലിയ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. നേരത്തെ അവധി തീരുമാനിച്ചവര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടിക്കറ്റുകള്‍ വാങ്ങിയതിനാല്‍ ഭീമന്‍ നിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ സമീപ ദിവസങ്ങളില്‍ താത്ര തീരുമാനിച്ചവര്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. സപ്തംബര്‍ 12 നുശേഷം നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ അവസ്ഥയാണ് കൂടുതല്‍ കടുത്തത്.
കോഴിക്കോട്-ദോഹ സെക്ടറില്‍ നാല്‍പതിനായിരത്തില്‍ കുറവ് ടിക്കറ്റ് ലഭിക്കുന്ന വിമാനങ്ങള്‍ ഇല്ളെന്ന് തന്നെ പറയാം. നീണ്ട അവധിക്ക് പോയി നിര്‍ബന്ധമായും സെപ്റ്റംബര്‍ പകുതിയോടെ തിരിച്ച് വരേണ്ടവര്‍ വിവിധ വിമാന കമ്പനികളുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. ഉയര്‍ന്ന നിരക്ക് നല്‍കിയാലും സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ സീറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നു. വേനലവധി കഴിഞ്ഞ് ഇന്ത്യന്‍ സ്ക്കൂളുകള്‍ തുറക്കുന്നത് സപ്തംബര്‍ 18 നാണ്. കുടുംബങ്ങളുമായി തിരിച്ച് പോരേണ്ടവര്‍ അധികവും ടിക്കറ്റ് നേരത്തെ എടുത്തതിനാല്‍ വലിയ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ പുതിയ വിസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ ഈ നിരക്ക് കണ്ട് യാത്ര മാറ്റി വെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സപ്തംബര്‍ ഒന്‍പതിന് കോഴിക്കോട്ടേക്കും സപ്തംബര്‍ 17 ന് തിരിച്ചും ഖത്തര്‍ എയര്‍വെഴ്സ് നിരക്ക് 5010 റിയാലാണ്. സാധാരണ നിരക്കില്‍ നിന്ന് രണ്ടിരട്ടി കൂടുതലാണിത്. ഇന്ത്യന്‍ മേഖലയിലേക്ക് മാത്രമല്ല മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്, അമേരിക്ക സെക്ടറുകളിലേക്കും ഈ കാലയളവില്‍ വലിയ നിരക്കാണ് നല്‍കേണ്ടി വരുന്നത്. സ്വദേശികള്‍ തങ്ങളുടെ വാര്‍ഷിക അവധി ചെലവഴിക്കാന്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുത്തത് യാത്രാ കൂലി കൂടാന്‍ കാരണമായതായി അല്‍മഹാ ട്രാവല്‍സ് സെയില്‍സ് മാനേജര്‍ മുഹമ്മദ് അല്‍മഹ്മൂദ് അഭിപ്രായപ്പെട്ടു.
നേരത്തെ മടക്ക ടിക്കറ്റെടുത്ത പല സ്വദേശികളും തങ്ങളുടെ യാത്ര പെരുന്നാളിന് ശേഷമാക്കിയത് നിരക്ക് കൂടാന്‍ കാരണമായതായി അദ്ദേഹം വ്യക്തമാക്കി. ദോഹയിലെ ചൂടില്‍ നിന്ന് തണുപ്പുളള രാജ്യങ്ങളിലേക്ക് പോയവരാണ് തങ്ങളുടെ അവധി പിന്നെയും മാറ്റിയത്. ഖത്തര്‍ എയര്‍വെഴ്സ് വിവിധ സെക്ടറുകളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ ഈ നിരക്ക് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.