ഖത്തറില്‍ 2030-ഓടെ 99 സര്‍ക്കാര്‍  സ്കൂളുകള്‍ തുറക്കും

ദോഹ: 2030-ഓടെ തൊണ്ണൂറ്റിയൊമ്പത് സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഖത്തറിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാനുപാതം കണക്കിലെടുത്താണിത്. ഇതിനുപുറമെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്കൂള്‍ തുറക്കാന്‍ രാജ്യത്തെ സംരംഭകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. 
രാജ്യത്താകമാനം  535 പൊതു-സ്വകാര്യ വിദ്യാലയങ്ങളാണ് നിലവിലുള്ളത്. ഇവയില്‍ 3,27,566 കുട്ടികള്‍ പഠനം നടത്തിവരുന്നു. 
എട്ടാമത് ഖത്തര്‍ ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഫോര്‍ സീസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 191 ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലായി 100,319 കുട്ടികളും ഇവര്‍ക്കായി 12,940 ടീച്ചര്‍മാരുമാണുള്ളത്. ഇതിനു പുറമെ 72 കിന്‍റര്‍ഗാര്‍ഡനുകളിലായി 7,730 കുട്ടികളും ഇവര്‍ക്കായി 1,750 അധ്യാപകരുമാണ് പൊതുമേഖലയിലുള്ളത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലുള്ള സ്കൂളുകളുടെ എണ്ണം 245-ാണ്. ഇവയില്‍ 1,72,247 കുട്ടികള്‍ പഠനം നടത്തുന്നു. സ്വകാര്യമേഖലയില്‍  85 കിന്‍റര്‍ഗാര്‍ഡനുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 പുതിയ സ്കൂളുകളുമുണ്ട്.  പുതുതായി തുറന്ന സ്കൂളുകളില്‍ മൊത്തം 10,380 വിദ്യാര്‍ഥികള്‍ക്കാണ് പഠന സൗകര്യമുള്ളത്. 
രാജ്യത്തെ വിദ്യാഭ്യാസ നയങ്ങളും പരിശീലന പരിപാടികളും നടപ്പിലാക്കുമ്പോള്‍ ജനസംഖ്യാ വളര്‍ച്ച, ജനങ്ങളുടെ എണ്ണം, പ്രായ വ്യത്യാസം, ഭൂമിശാസ്ത്രപരമായ വികേന്ദ്രീകരണം, ജനങ്ങളുടെ പലായനം, ആരോഗ്യം തുടങ്ങിയവയെല്ലാം പരിഗണിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. 
ഓരോ വര്‍ഷവും വിദ്യാരംഭം കുറിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം പരിശോധിച്ച് ആദ്യഘട്ടമായി 2020ഓടെ 53 പുതിയ സ്കൂളുകള്‍ തുറക്കാനാണുദ്ദേശം. ഇവിടെ 33,000 കുട്ടികള്‍ക്ക് പഠനം തുടങ്ങാനാകും. പിന്നീട് 2030 ആകുമ്പോയേക്കും 46 പുതിയ സ്കൂളുകള്‍ കൂടി തുറന്ന് 28,000 കുട്ടികള്‍ക്കു കൂടി പഠന സൗകര്യമൊരുക്കും. 
ഖത്തര്‍ ദര്‍ശനരേഖ 2030ന്‍െറ ഭാഗമായുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള മനുഷ്യവിഭവശേഷി കൈവരിക്കാനായി 4,000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാവുന്ന കമ്യൂണിറ്റി കോളേജിനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. ഖത്തറിലെ ജനസാന്ദ്രത കൂടിയ ഭാഗങ്ങളില്‍ ഈ വര്‍ഷം രണ്ട് പുതിയ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍ കൂടി തുറന്നിട്ടുണ്ട്. 2017-2020 ജനസംഖ്യാ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുകയും   സ്ഥായിയായ വികസന പരിപാടികള്‍ക്ക് ഇവരുടെ കര്‍മ്മശേഷി വിനിയോഗിക്കുന്ന രീതിയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.