ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബാള്‍ കിരീടം ഇന്ത്യക്ക് 

ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നാലാമത് ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഖിയ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ നേപ്പാളിനെ തകര്‍ത്താണ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ കമ്മ്യൂണിറ്റി കപ്പില്‍ മുത്തമിട്ടത്. 
കരുത്തരായ നേപ്പാളുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ടൈബ്രേക്കറില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിന്‍െറ തുടക്കം തന്നെ നേപ്പാളിന്‍െറ മുന്നേറ്റത്തോടെയായിരുന്നു. 
നാലാം മിനുട്ടില്‍ നേപ്പാള്‍ ദേശീയ താരം സന്ദീപിന്‍െറ അത്യുഗ്രന്‍ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ജാക്ക്ളിനെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. തുടര്‍ന്നും ആക്രമിച്ച് കളിച്ച നേപ്പാളിനെ തളക്കാന്‍ ക്യാപ്റ്റന്‍ സഫാഫിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രധിരോധനിര ശരിക്കും വിയര്‍ക്കുന്നുണ്ടായിരുന്നു. പതിയെ കളിയുടെ താളം വീണ്ടെടുത്ത ഇന്ത്യന്‍ മധ്യനിര, കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഐവിന്‍, നിഷാദ്, മുഫീര്‍, ഡിനില്‍ എന്നിവരാണ് മധ്യനിരയില്‍ അണിനിരന്നത്. 
15ാം മിനുട്ടില്‍ ഇന്ത്യന്‍ മുന്നേറ്റ നിരയിലെ സതീശന് ലഭിച്ച ഓപണ്‍ ചാന്‍സ് ലക്ഷ്യത്തിലത്തെിക്കാനായില്ല. 
തുടര്‍ന്നും ആക്രമിച്ച് കളിച്ച ഇന്ത്യ, കളിയുടെ നിയന്ത്രണം പൂര്‍ണമായി കൈപ്പിടിയിലൊതുക്കിയെങ്കിലും നേപ്പാളിന്‍െറ വല കുലുക്കാനായില്ല. ടൈബ്രേക്കറില്‍ ഇന്ത്യക്കായി നിഷാദ്, വസീം, അബ്ബാസ്, ജാഫര്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ നേപ്പാളിന്‍െറ ഒരു കിക്ക് ഇന്ത്യന്‍ ഗോളി തടുത്തിടുകയും മറ്റൊന്ന് പുറത്തേക്ക് പോവുകയും ചെയ്തു. സതീശന്‍, ജിതിന്‍ രാജ് എന്നിവരാണ് ഇന്ത്യന്‍ മുന്നേറ്റ നിരയില്‍ ബൂട്ടണിഞ്ഞത്. പ്രാഥമിക മത്സരങ്ങളില്‍ ലബനാനെതിരെ തോല്‍വിയും ജോര്‍ദാനെതിരെ സമനിലയുമായി സെമിയിലത്തെിയ ഇന്ത്യ സെമിയില്‍ ലബനാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, കൊറിയ, സിംഗപ്പൂര്‍, തായിലാന്‍റ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ 12 ഏഷ്യന്‍ ടീമുകള്‍ ആണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് (ഖിയ) ആണ് ഇന്ത്യന്‍ ടീമിനെ സജ്ജമാക്കുന്നത്. കെയര്‍ ആന്‍ഡ് ക്യുവര്‍ ആണ് ടീമിന്‍െറ സ്പോണ്‍സര്‍. സഫാഫ് കുനിയില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കേരളം, ഗോവ, ചെന്നൈ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ബൂട്ടണിയുന്നത്.  ടീമിന്‍െറ മാനേജര്‍ സഫീര്‍ ചേന്ദമംഗല്ലൂരും അസിസ്റ്റന്‍റ് മാനേജര്‍ ജോണ്‍ ടെസ ഗോവയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.