വര്‍ക്കേഴ്സ് കപ്പ് ഫുട്ബാളിന് പരിസമാപ്തി

ദോഹ: ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തോടെ വര്‍ക്കേഴ്സ് കപ്പിന് പരിസമാപ്തി. അല്‍ അഹ്ലി സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിയെ ആവേശത്തിലാഴ്ത്തിയ മത്സരത്തിനൊടുവില്‍ ഗള്‍ഫ് കോണ്‍ട്രാക്ടിങ് കമ്പനിയെ പരാജയപ്പെടുത്തി താലിബ് ഗ്രൂപ്പ് ജേതാക്കളായി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്കോറിനാണ് നാലാമത് വര്‍ക്കേഴ്സ് കപ്പ് ടൂര്‍ണമെന്‍റ് താലിബ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇരുടീമുകളിലും കൂടുതലും ആഫ്രിക്കന്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തലുടനീളം ആക്രമണ പ്രത്യക്രമണങ്ങളുണ്ടായെങ്കിലും നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടത്തൊനായില്ല. തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ലൂസേഴസ് ഫൈനലില്‍ മുവാസ്വലാത്ത് ഒരു ഗോളിന് ലാര്‍സന്‍ ആന്‍റ് ടൂബ്രോയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് സി.ഇ.ഒ ഹനി ബല്ലനും ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. ബംഗ്ളാദേശ്, ജര്‍മനി, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഇംഗ്ളണ്ട്, യു.എസ് എന്നിവിടങ്ങളിലെ അംബാസഡര്‍മാര്‍ ചടങ്ങിലത്തെിയിരുന്നു. ആറായിരത്തോളം പേര്‍ കളി കാണാനത്തെിയിരുന്നു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയുടെ സഹകരണത്തോടെ, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ആണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ പങ്കാളിത്തമുള്ള ഏറ്റവും വലിയ കായികമേളയാണ് വര്‍ക്കേഴ്സ് കപ്പ്.
2022ലെ ഫിഫ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യവികസനപദ്ധതികളുടെയും നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് മത്സരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.