ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നാളെ

ദോഹ: രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദോഹ ഡയമണ്ട് ലീഗ് നാളെ നടക്കും. വിവിധ രാജ്യങ്ങളിലെ 14 വേദികളിലായി അരങ്ങേറുന്ന ഐ.എ.എഫ് ഡയമണ്ട് ലീഗ് സീരിസിന്‍െറ ആദ്യവേദിയാണ് ദോഹ.
ഒളിമ്പിക്സ് വര്‍ഷമായതിനാല്‍ ദോഹ ഡയമണ്ട് ലീഗിന് കായികതാരങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ഒളിമ്പിക്സിന് മുമ്പ് താരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസരമാണ് ഡയമണ്ട് ലീഗ്. വെസ്റ്റ്ബേയില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ളബിന്‍െറ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം ആറിനാണ് മത്സരങ്ങള്‍ തുടങ്ങുക.
പുരുഷ, വനിത വിഭാഗങ്ങളില്‍ എട്ട് വീതം മത്സരങ്ങളാണ് നടക്കുക. 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍, സ്റ്റീപ്പിള്‍ചേസ്, 110 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് പുരുഷന്‍മാരുടെ മത്സരം. 3000 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, പോള്‍വോള്‍ട്ട്, ട്രിപ്പിള്‍ ജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണു വനിതകളുടെ മത്സരം. പുരുഷവിഭാഗം 200മീറ്ററില്‍ ഖത്തറിന്‍െറ ഫെമി ഒഗുനോഡെ മത്സരിക്കുന്നുണ്ട്. ഇത്തവണ ദോഹ ലീഗില്‍ ഹൈജമ്പ് മത്സരം ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യകത. മുന്‍വര്‍ഷങ്ങളിലെ ദോഹ ലീഗില്‍ ഹൈജമ്പ് ഇടം നേടിയിരുന്നില്ല. ഖത്തറിന്‍െറ വിഖ്യാത അത്ലറ്റിക് താരം മുഅ്തസ് ബര്‍ഷിമിന് ഇത്തവണ സ്വന്തം കാണികളുടെ മുന്നില്‍ മത്സരിക്കാന്‍ ഇതോടെ അവസരം ലഭിക്കും. 400മീറ്ററില്‍ ലോക ഇന്‍ഡോര്‍ വെള്ളിമെഡല്‍ ജേതാവായ അബ്ദലേല ഹാറൂനും ഖത്തറിന്‍െറ പ്രതീക്ഷയാണ്.
മീറ്റിന് മുന്നോടിയായി കടുത്ത പരിശീലനത്തിലായിരുന്നു ഹാറൂണ്‍. മെഡല്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
800 മീറ്ററില്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യനായ മുസേബ് അബ്ദുറഹ്മാന്‍ ബല്ലയും ഖത്തറിനായി ഇറങ്ങുന്നുണ്ട്. പുരുഷവിഭാഗത്തില്‍ നിലവിലെ ഒളമ്പിക് ട്രിപ്പിള്‍ ജമ്പ് ചാമ്പ്യന്‍ ക്രിസ്റ്റിയന്‍ ടെയ്ലര്‍, ഒളിമ്പിക് ജേതാവ് എരീസ് മെറിറ്റ്, എസക്കീല്‍ കെമ്പോയി, ഡിസ്കസ് ത്രോയില്‍ ലോക ചാമ്പ്യന്‍ പിയോട്ടര്‍ മലാഷോവ്സ്കി എന്നിവര്‍ മത്സരിക്കുന്നുണ്ട്. വനിതവിഭാഗത്തില്‍ 3,000 മീറ്ററില്‍ ലോക ചാമ്പ്യരായ എത്യോപ്യയുടെ അല്‍മാസ് അയനയും കെനിയയുടെ വിവിയന്‍ ചെറ്യുയോട്ടും തമ്മിലുള്ള മത്സരമാണ് പ്രധാന ആകര്‍ഷണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.