ദോഹ: ലേബര്‍ക്യാമ്പിലെ പരിമിതികള്‍ക്കകത്ത് മരുഭൂമിയില്‍ ജൈവ പച്ചക്കറിപ്പാടം തീര്‍ത്തിരിക്കുകയാണ് അല്‍ഖോറിലുള്ള മലയാളി പ്രവാസി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ കുടപ്പന സ്വദേശിയായ ബിജുരാജാണ് നാല് വര്‍ഷമായി അല്‍ഖോറിലുള്ള തന്‍െറ താമസസ്ഥലത്ത് നാടിന്‍െറ പച്ചപ്പ് പുന:സൃഷ്ടിച്ചത്. അല്‍ഖോറിലെ ഉമ്മുല്‍ ഖഹാബ് എന്ന സ്ഥലത്താണ് ബിജുരാജിന്‍െറ തമാസസ്ഥലം. ഇതിന്‍െറ പരിസരത്തുള്ള ഭൂമിയില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് അദ്ദേഹം കൃഷി നടത്തുന്നത്.
ലേബര്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള ഉറച്ച നിലം കഠിനപ്രയത്നത്തിനൊടുവിലാണ് ബിജുരാജ് കൃഷിയോഗ്യമാക്കിയത്. ഇന്നിവിടെ വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളും ഇലക്കറികളും കണ്ടാല്‍ നാട്ടിലെ പാടമാണ് ഓര്‍മ്മയില്‍ വരിക.
ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ സുഹൃത്തുക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന അദ്ദേഹം ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയ ശൈത്യകാല വിളകളും ബീറ്റ്റൂട്ടും ജര്‍ജീറും വിവിധയിനം ചീരകളുമടങ്ങുന്ന സീസണ്‍ വിളകളും ബിജുരാജിന്‍െറ കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നു. നാട്ടില്‍ തിരിച്ചത്തെിയാല്‍ വലിയതോതില്‍ കൃഷിചെയ്യാനുള്ള ആത്മധൈര്യമാണ് മരുഭൂമിയിലെ കൃഷിയിടം തനിക്ക് നല്‍കിയതെന്ന് ബിജുരാജ് പറയുന്നു. നാല് വര്‍ഷം മുമ്പാണ് ക്യാമ്പിലെ ഒഴിഞ്ഞകിടക്കുന്ന ഭൂമിയില്‍ ബിജുരാജിന്‍െറ കണ്ണും മനസുമുടക്കിയത്. കൃഷിയെന്ന ആശയം ഉടലെടുത്തതോടെ ആഴ്ചകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ ഭൂമി കിളച്ചു പരുവപ്പെടുത്തി. പരിചയക്കാരില്‍ നിന്നും മറ്റും ലഭിച്ച വിത്തുകള്‍ നാട്ടുപിടിപ്പിച്ചു. എങ്കിലും ആദ്യവര്‍ഷം നിരാശയായിരുന്നു ഫലം. പ്രതീക്ഷ കൈവിടാതെ ബിജു തൊട്ടടുത്ത വര്‍ഷവും മണ്ണ് കിളച്ചുമറിച്ചും ധാരാളം നനച്ചും വിത്തുകള്‍ പാകിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് നാമ്പ് മുളച്ചു. പിന്നീടിങ്ങോട്ട് നല്ല വിളവാണ് ലഭിച്ചത്. തക്കാളി, മത്തങ്ങ, പാവയ്ക്ക, ചുരക്ക, പച്ചമുളക്, പാലക് തുടങ്ങി മലയാളിയുടെ ഏതാണ്ടെല്ലാ ഇഷ്ടവിഭവങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഈവര്‍ഷം മുതല്‍ മുരിങ്ങ, കറിവേപ്പ് തുടങ്ങിയ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ആട്ടിന്‍കാഷ്ടം, ചാണകം തുടങ്ങിയ വളങ്ങളാണ് ബിജു തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നത്. കൂടാതെ ചായപ്പിണ്ടി, മുട്ടതോട്, കഞ്ഞിവെള്ളം തുടങ്ങിയ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് വളമാക്കിയും ഉപയോഗിക്കുന്നു. പ്രാണിശല്യം തടയാന്‍ ശര്‍ക്കരയും കഞ്ഞിവെള്ളവും ചേര്‍ത്ത ലായനിയില്‍ പെനഡോള്‍ ചേര്‍ത്ത് കുപ്പികളില്‍ തൂക്കിയിടുന്ന ഒറ്റമൂലിയുമുണ്ട്. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പ്രാണികളും കീടങ്ങളും ലായനി നുകര്‍ന്ന് നശിച്ചുപോകും.
സാധാരണഗതിയില്‍ നാല് മാസം വരെ മാത്രം ആയുസുള്ള പാലക് ഒരു വര്‍ഷമായിട്ടും ഫലം തരുന്നത് താന്‍ ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാലാണെന്നാണ് ബിജുവിന്‍െറ വിശ്വാസം. വിളവുകളുടെ ഗുണഭോക്താക്കള്‍ സുഹൃത്തുക്കളും തോട്ടം സന്ദര്‍ശിക്കാനത്തെുന്നവരുമാണ്.
തോട്ടം പടര്‍ത്താനും മറ്റും ഉപയോഗിച്ചിരിക്കുന്നത് ക്യാമ്പിലെ ഉപയോഗശൂന്യമായ കട്ടിലുകളും മറ്റുമാണ്. മണ്ണിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ, ആ സ്നേഹം നമുക്ക് മണ്ണില്‍ നിന്ന് തിരിച്ചും ലഭിക്കുമെന്നാണ് തന്‍െറ തോട്ടത്തെ സാക്ഷിയാക്കി ബിജുവിന് പറയാനുള്ളത്.
ജോലി കഴിഞ്ഞുള്ള സമയം മൊബൈലിലും ലാപ്ടോപ്പിലും പരതിത്തീര്‍ക്കുന്ന പ്രവാസികള്‍ക്ക് മാതൃകയാണ് ഈ കര്‍ഷകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.