ദോഹ: ആഗോള മാധ്യമ സമ്മേളനമായ ഐ.പി.ഐ വേള്‍ഡ് കോണ്‍ഗ്രസ് മാര്‍ച്ച് 19 മുതല്‍ 21വരെ ദോഹയില്‍ നടക്കും. സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവും യമന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും പത്രപ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്താനുമായി എഡിറ്റര്‍മാരും പ്രസാധകരും ചേര്‍ന്ന് രാജ്യാന്തരതലത്തില്‍ സ്ഥാപിച്ച ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (ഐപിഐ) വേള്‍ഡ് കോണ്‍ഗ്രസിനും 65ാമത് ജനറല്‍ അസംബ്ളിക്കും ആതിഥ്യം വഹിക്കുന്നത് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കാണ്. ‘വെല്ലുവിളി നേരിടുന്ന മാധ്യമപ്രവര്‍ത്തനം- അപകടകരമായ ലോകത്തില്‍ സുരക്ഷയും പ്രൊഫഷണലിസവും’ എന്ന വിഷയം ആസ്പദമാക്കിയാണ് ഇത്തവണ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സിറ്റി സെന്‍റര്‍ റൊട്ടാന, ഷാന്‍ഗ്രില ഹോട്ടല്‍ എന്നിവിടങ്ങളിലായാണ് സമ്മേളനംഅസര്‍ബൈജാനില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും ബ്ളോഗറുമായ അര്‍സു ഗെയ്ബുല്ലയേവയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ലബനാന്‍ സ്വദേശിയും ന്യൂയോര്‍ക്ക് മാഗസിന്‍ കോണ്‍ട്രിബ്യൂട്ടിങ് റൈറ്ററുമായ സുലോമെ ആന്‍ഴേ്സണ്‍, ദി ഗാര്‍ഡിയന്‍െറ റീഡേഴ്സ് എഡിറ്റര്‍ ക്രിസ് എലിയോട്ട്, ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ബെന്‍ ഹിക്സ്, ദോഹ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ ഷബീന ഖത്രി, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഹ്സാദ് അഹമ്മദ്, ഹബീബ് ബത്ത, ബേക്കര്‍ അത്യാനി, ജാമില്‍ ചാദെ, ജെഫ്രി കോള്‍, മാസെന്‍ ഡാര്‍വിഷ്, എവറെറ്റ് ഇ ഡെന്നീസ്, ഇവ ഗാല്‍പെറിന്‍, നബീല്‍ റജബ്, റൂപര്‍ട്ട് റീഡ്, ഡിബോറ യുന്‍ഗര്‍, മുറാത്ത് യെത്കിന്‍, ഇപെക് യെസ്ദാവനി, ജിലിയാന്‍ സി. യോര്‍ക്ക് എന്നിവരുള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, ദി ഹിന്ദുവിന്‍െറ രവി നരസിംഹന്‍ എന്നിവര്‍ പങ്കെടുക്കും.
മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നതിന് അല്‍ജസീറയും ഐ.പി.ഐ.യും കഴിഞ്ഞവര്‍ഷം തന്നെ ധാരണയായിരുന്നു. മാധ്യമചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്ന സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ കഴിയുന്നതില്‍ അല്‍ജസീറക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അല്‍ജസീറ ആക്ടങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫ സുവാഖ് പറഞ്ഞു. പശ്ചിമേഷ്യയിലെയും മേഖലയിലെയും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തനമേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും സമ്മേളനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാന്‍മറിലെ യംഗൂണിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ കോണ്‍ഗ്രസ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.