ശൈത്യകാല പച്ചക്കറി ചന്തകള്‍  വേനല്‍ വരെ നീട്ടി

ദോഹ: ഖത്തറിലെ കൃഷിഫാമുകളില്‍ ഉല്‍പാദിപ്പിച്ച തനത് ഉല്‍പന്നങ്ങളുടെ വിപണയായ ശൈത്യകാല പച്ചക്കറിച്ചന്ത നീട്ടാന്‍ തീരുമാനിച്ചതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. മൂന്നിടങ്ങളിലായി ഒരുക്കിയ വിപണനമേള വേനല്‍ തുടങ്ങുന്നത് വരെ തുടരാനാണ് തീരുമാനം. പഴം, പച്ചക്കറി, കോഴി, ആട്, പശു, മത്സ്യം എന്നിവ ഉല്‍പാദിപ്പിക്കുന്ന കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ചന്തകള്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഉംസലാലിലെ അല്‍ മസ്റൂഹ, അല്‍ വഖ്റ-അല്‍ ഖോര്‍, അല്‍ ദഖീറ എന്നീ മുനിസിപ്പാലിറ്റികളിലായി മൂന്ന് വിപണികള്‍ക്ക് തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ ഉല്‍പാദകര്‍ നേരിട്ട് കച്ചവടം നടത്തുന്നതിനാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ നിരക്കിലും കുറച്ചാണ് ഇവിടെ സാധനങ്ങള്‍ വില്‍കുന്നത്. ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് എല്ലാ ചന്തകളിലും ദൃശ്യമാകുന്നത്. 
ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളിലായി 284,000 പെട്ടി പച്ചക്കറികള്‍ വില്‍പന നടത്തി. മൊത്തം 469 ടണ്‍ പഴങ്ങളാണ് വിറ്റഴിഞ്ഞത്. മത്സ്യഫാമുകളില്‍ നിന്നായി 35 ടണ്‍ മത്സ്യവും വിപണിയിലത്തെിച്ച് വില്‍പന നടത്തി. കൂടാതെ 8,896 കോഴികളടക്കമുള്ള പക്ഷിവിഭവങ്ങളും 2,354 ആടുമാടുകളും വിറ്റതായി അധികൃതര്‍ അറിയിച്ചു. 
ഇവയെല്ലാം പ്രധാന മാര്‍ക്കറ്റുകളിലെ വിലയിലും കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അബ്ദുറഹ്മാന്‍ അല്‍ സുലൈത്തി പറഞ്ഞു. ഈ സീസണിലെ വിപണി വന്‍ വിജയമായിരുന്നുവെന്നും മുനിസിപ്പല്‍ പരിസ്ഥിതി  മന്ത്രാലയത്തിന്‍െറയും ഖത്തറിലെ ഫാമുകളുടെയും സഹകരണമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്കും ന്യായവിലയില്‍ ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ക്കും സഹായകരമാകുമെന്നതിനാലാണ് വിപണിയുടെ കാലാവധി നീട്ടുന്നതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. 
കര്‍ഷകരും ഉപഭോക്താക്കളും നേരിട്ട് ബന്ധപ്പെടുന്നതിനാല്‍, ഗുണമേന്മയും ന്യായവിലയും ഒരേപോലെ ലഭ്യമാകുന്നു എന്നതാണ് ശൈത്യകാല വിപണിയുടെ പ്രധാനനേട്ടം. 
ഗുണമേന്മയുള്ള ഉല്‍പന്നങ്ങളിലൂടെ കൃഷി വ്യാപിപ്പിക്കാനും സാങ്കേതികവും നുതനവുമായ കൃഷിരീതികള്‍ അവലംബിക്കാനുമായി രാജ്യത്തെ കര്‍ഷകര്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുമുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.