ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഫീസ്  കൂടുതലാണെന്ന് പരാതി

ദോഹ: ഐന്‍ ഖാലിദില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ളെന്നും അമിത ഫീസ് ഈടാക്കുന്നതായും രക്ഷിതാക്കളുടെ പരാതി. പല കാരണങ്ങള്‍പറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്നും സ്കൂള്‍ മനേജ്മെന്‍റ് നിരന്തരം പണം വാങ്ങിക്കുകയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതായി ‘ദി പെനിന്‍സുല’ പത്രം റിപ്പോര്‍ട്ട്് ചെയ്തു.  ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നല്ളൊരു ശതമാനം പേരും സ്കൂള്‍ മാനേജ്മെന്‍റിന്‍െറ നടപടികളില്‍ തൃപ്തരല്ളെന്നും പണമീടാക്കുന്നതിന് അവസരം കാത്തിരിക്കുകയാണ് മാനേജ്മെന്‍െറന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഇ-ബുക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി അടുത്തിടെ 5000 ഖത്തര്‍ റിയാല്‍ സ്കൂള്‍ അധികൃതര്‍ വാങ്ങിയെങ്കിലും സംവിധാനം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കുട്ടിയെ ഉല്ലാസയാത്രക്ക് കൊണ്ടു പോകുന്നതിന് പണം നല്‍കണമെന്ന സന്ദേശം അടുത്തിടെ തനിക്ക് ലഭിച്ചതായും വാര്‍ഷിക പരീക്ഷ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഈ യാത്രയെന്നും രക്ഷിതാക്കളിലൊരാള്‍ വെളിപ്പെടുത്തി. ഉല്ലാസയാത്ര നടത്തുന്നതിന് ചെലവായി ഒരു വിദ്യാര്‍ഥിയില്‍ നിന്ന് 200 റിയാലോളമാണ് ഈടാക്കുന്നത്. ഈ വര്‍ഷം പുസ്തകങ്ങള്‍ക്ക്് മാത്രം 1,000 റിയാല്‍ കൂടി ചെലവാക്കേണ്ടി വന്നതായും സ്കൂള്‍ മാനേജ്മെന്‍റ് നിര്‍ദേശിക്കുന്ന കടയില്‍ നിന്ന് തന്നെ യൂനിഫോം വാങ്ങാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുറഞ്ഞ ഗുണനിലവാരമുള്ള യൂനിഫോമിന് 840 റിയാലാണ് മാനേജ്മെന്‍റ് പറയുന്ന കട ഈടാക്കുന്നത്. എന്നാല്‍ വിപണിയില്‍ ഇതിന് 200 റിയാലേ വിലയുള്ളു. 
ട്യൂഷന്‍ ഫീസും വളരെ കൂടുതലാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. 2016 അധ്യയന വര്‍ഷത്തില്‍ 50,000 റിയാലില്‍ അധികം ഫീസിനത്തില്‍ നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ ഉല്ലാസയാത്രകളിലും മറ്റ് അനിവാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്കൂള്‍ മാനേജ്മെന്‍റ് ശ്രദ്ധ ചെലുത്തുന്നതെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. 
അതേസമയം ഫീസ് അല്‍പം കൂടുതലാണെങ്കിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടതാണെന്ന് ചില രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. 
വിദ്യാഭ്യാസ വൗച്ചറില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരുന്നതായി ഖത്തരി രക്ഷിതാവും അഭിപ്രായപ്പെട്ടു.

നാല് ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധിക്കും
ദോഹ: നാല് ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം ഫീസ് വര്‍ധിക്കും. ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ഒലീവ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളിലിലാണ് ഫീസ് വര്‍ധിപ്പിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിന് ആറ് ശതമാനം ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി ലഭിച്ചത്. 
മറ്റ് മൂന്ന് സ്കൂളുകള്‍ക്ക് ഓരോ വിദ്യാര്‍ഥിക്കും 500 ഖത്തര്‍ റിയാല്‍ വീതം വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഫീസ് വര്‍ധനക്ക് അനുമതി ലഭിച്ചത്. 
ഫീസ് വര്‍ധനയില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. സെക്കന്‍റ് ടേമിലാണ് വര്‍ധിപ്പിച്ച ഫീസ് വാങ്ങുകയെന്ന് സ്കൂള്‍ വൃത്തങ്ങള്‍ പറയുന്നു. ഫസ്റ്റ് ടേമിലെ കുടിശ്ശിക അടക്കം ഇങ്ങനെ വാങ്ങും. കഴിഞ്ഞ മാസമാദ്യമാണ് 55 സ്വകാര്യ സ്കൂളുകള്‍ക്കും കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ക്കും 2016- 17 അക്കാദമിക് വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. 
രണ്ട് മുതല്‍ ഏഴ് വരെ ശതമാനമാണ് ഫീസ് വര്‍ധിപ്പിക്കുക. 162 സ്കൂളുകളും കെ.ജികളും ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷിച്ചെങ്കിലും 66 ശതമാനം അപേക്ഷകളും തള്ളുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.