എച്ച്.എം.സിയില്‍ പരാതി സ്വീകരിക്കാന്‍  ഹോട്ട്ലൈന്‍ നമ്പര്‍ വരുന്നു

ദോഹ: പരാതികള്‍ സ്വീകരിക്കാനും മറുപടി നല്‍കാനുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ (എച്ച്.എം.സി) ഹോട്ട്ലൈന്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് എച്ച്.എം.സി ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗം ഡെപ്യൂട്ടി ചീഫ് ക്വാളിറ്റി ഓഫീസര്‍ നാസര്‍ സഈദ് അല്‍ നഈമി. ഇതിനായി അഞ്ചക്ക ഹോട്ട്ലൈന്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതികള്‍ സ്വീകരിക്കാനും അവ റെക്കോര്‍ഡ് ചെയ്യാനും മറുപടി നല്‍കാനുമായിരിക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തുക. വിവിധ ആശുപത്രികളില്‍ നിന്നായി 483 പരാതികളാണ് കഴിഞ്ഞവര്‍ഷം എച്ച്.എം.സിയില്‍ ലഭിച്ചത്. ഇതില്‍ 386 എണ്ണം പരിഹരിക്കുകയും, 64 എണ്ണത്തില്‍ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നു. 33 എണ്ണത്തില്‍ പരാതിക്കാര്‍ക്ക് തൃപ്തികരമായി പരിഹാരം ലഭ്യമായിട്ടില്ളെന്നും നഈമി പറഞ്ഞു. നിലവില്‍ പരാതികള്‍ സ്വീകരിക്കാനായി സംവിധാനമുണ്ട്. എന്നാല്‍, കൂടുതല്‍ കാര്യക്ഷമതയുള്ളതും രോഗികള്‍ക്ക് തുടരന്വേഷണങ്ങള്‍ നടത്താനുതകുന്ന രീതിയിലുള്ളതുമായ സംവിധാനമാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പുതിയ രീതിയില്‍ പരാതിക്കാര്‍ക്ക് തുടര്‍ച്ചയായുള്ള ആശവിനിമയം സാധ്യമാണ്. 
പരാതിക്ക് പരിഹാരം കാണാനുള്ള കാലാവധിയും ഈ സംവിധാനത്തിലൂടെ അറിയാനാകും. രോഗികള്‍ ഉന്നയിച്ച പരാതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ എച്ച്.എം.സി മാനേജിങ് ഡയറക്ടര്‍ ഡോ. ഹനാന്‍ കുവാരിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. ‘പേഷ്യന്‍റ് എക്സ്പീരിയന്‍സ് ആന്‍റ് സ്റ്റാഫ് പാര്‍ട്ടിസിപ്പന്‍റ്’ എന്ന പുതിയ കേന്ദ്രവും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇവിടെ രോഗികളെ തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശം. ‘താങ്കളുടെ സന്ദര്‍ശനം എപ്രകാരമായിരുന്നു’ എന്ന പേരില്‍ അഭിപ്രായം രേഖപ്പെടുത്താനായി മറ്റൊരു സംവിധാനവും എച്ച്.എം.സി ആശുപത്രികളില്‍ ഏര്‍പ്പെടുത്തും. ഇതിലൂടെ രോഗികള്‍ക്ക് ലഭിച്ച സേവനങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ ആരായുകയാണ് ലക്ഷ്യം. ശേദീയ അര്‍ബുദരോഗ ഗവേഷണ കേന്ദ്രത്തില്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞ പദ്ധതി വൈകാതെ എച്ച്.എം.സിയുടെ കീഴിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.