അശ്ഗാല്‍ റോഡപകട മേഖലകള്‍ നിര്‍ണയിച്ചു

ദോഹ: പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ രാജ്യത്തെ സുപ്രധാന അപകട മേഖലകള്‍ നിര്‍ണയിച്ച് അടയാളങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. ചില പ്രധാന നിരത്തുകളിലും ഇന്‍റര്‍സെകഷ്നുകളിലും  അപകടം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ സ്ഥലങ്ങളെ പ്രത്യേക പട്ടികയിലുള്‍പ്പെടുത്തി തരംതിരിച്ച് അടയാളപ്പെടുത്തുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ട്രാഫിക് ജങ്ഷന്‍ കമ്മിറ്റി ഓഫ് അശ്ഗാല്‍, അശ്ഗാല്‍ അംഗങ്ങള്‍, മുനിസിപ്പാലിറ്റി-നഗരാസൂത്രണ മന്ത്രാലയങ്ങള്‍ (എം.എം.യു.പി), ഗതാഗത സുരക്ഷാ വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് അപകട സ്ഥലങ്ങളുടെ പട്ടികക്ക് രൂപം നല്‍കിയത്. 
പൊതുനിരത്തുകളിലെ സാങ്കേതിക പിഴവുകള്‍ക്കും അപകടങ്ങള്‍ സാധാരണയായ പ്രധാന കവലകളിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്. പ്രധാന റോഡുകളിലെ പെട്ടെന്നുള്ള വളവുകള്‍, സിഗ്നല്‍ സംവിധാനമില്ലാത്ത ഇന്‍റര്‍സെക്ഷനുകള്‍, പ്രാന്തപ്രദേശങ്ങളിലെ റൗണ്ട്എബൗട്ടുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായി അപകടങ്ങള്‍ സംഭവിക്കുന്നത്. പ്രധാന റോഡ്-ഹൈവേ എന്നിങ്ങനെ ഒരു വിഭാഗവും, റോഡുകള്‍ കൂടിച്ചേരുന്ന കവലകള്‍ എന്നിങ്ങനെ അപകടങ്ങള്‍ സര്‍വസാധാരണമായ നിരത്തുകളെ രണ്ടായി തരംതിച്ചിട്ടുണ്ട്. ദുഖാന്‍ ഹൈവേയിലാണ് ഏറ്റവും അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമായി നിര്‍ണയിച്ചിട്ടുള്ളത്. കൂടാതെ  താല്‍ക്കാലിക ട്രക്ക് റൂട്ട് റോഡ് കൂടിച്ചേരുന്ന (ടി.ടി.ആര്‍) കവലയിലും അപകടങ്ങള്‍ സാധാരണയായ സ്ഥലമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 
‘സ്മാര്‍ട്ട് ട്രാഫിക്’ സംവിധാനങ്ങള്‍, പെട്ടെന്ന് ദൃഷ്ടിയില്‍പ്പെടുന്ന പ്രകാശിക്കുന്ന അടയാളങ്ങള്‍ എന്നിവ ഈ ഭാഗങ്ങളില്‍ സ്ഥാപിക്കും. ശമാല്‍ റോഡിലെ പ്രധാന അപകട മേഖലകളായ ലാന്‍റ് മാര്‍ക് ജങ്ഷന്‍, അല്‍ ഹുവൈലാഹ് ജങ്ഷന്‍ എന്നിവയും അപകട മേഖലയായി കണക്കാക്കിയവയില്‍പ്പെടും. അല്‍ ഹുവൈലാഹ് ജങ്ഷനിലേക്ക് തുറക്കുന്ന അല്‍ ശമാല്‍ റോഡ്, റാസ്ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നീ പാതകളില്‍ ഇപ്പോള്‍ അവസാനവട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.