ക്യു പോസ്റ്റ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു

ദോഹ: ഖത്തര്‍ ഗവണ്‍മെന്‍റ് തപാല്‍ വകുപ്പായ ക്യു പോസ്റ്റ് തങ്ങളുടെ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ വര്‍ധന വരുത്തി. ജനുവരി ഒന്നുമുതലാണ് ക്യു പോസ്റ്റിന്‍െറ എല്ലാ സേവനങ്ങളിലും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ക്യു പോസ്റ്റ് മുഖേന അയക്കുന്ന ഉരുപ്പടികള്‍ക്ക് തൂക്കവും അയക്കേണ്ട രാജ്യവും കണക്കിലെടുത്താണ് നിരക്ക് നിശ്ചയിക്കുന്നത്. യു.കെയിലേക്ക് ജന്മദിന ആശംസകള്‍ കൈമാറുന്ന ഒരു പോസ്റ്റ് കാര്‍ഡിന് നാല് ഖത്തര്‍ റിയാല്‍ ചെലവുണ്ടായിരുന്നിടത്ത് വര്‍ധനവിന് ശേഷം ഒമ്പത് റിയാല്‍ വേണം. നേരത്തെ 20 ഗ്രാം തൂക്കമുള്ള കത്ത് ഖത്തറിന്‍െറ ഏത് ഭാഗത്തേക്കും അയക്കണമെങ്കില്‍ ഒരു റിയാലായിരുന്നു ചെലവ്. ഇപ്പോള്‍ ഇത് 3.5 റിയാലായിമാറി. 
കോര്‍ണീഷിലെ പ്രധാന തപാല്‍ ഓഫീസില്‍ ഒരു വര്‍ഷത്തേക്കുള്ള സ്വകാര്യ പോസ്റ്റ് ബോക്സ് സംവിധാനത്തിന് നേരത്തെ ഈടാക്കിയിരുന്ന വാടക 300 റിയാല്‍ അധികരിച്ച് ഇപ്പോള്‍ 500 റിയാലായി മാറി. കമ്പനി ആവശ്യങ്ങള്‍ക്കുള്ള പി.ഒ. ബോക്സാണെങ്കില്‍ 1500 റിയാലാണ് പുതിയ നിരക്ക്. കഴിഞ്ഞ നവംബറില്‍ വര്‍ധിക്കുന്ന നിരക്കിനെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നെങ്കിലും വാടക പുതുക്കുന്നതുവരെ ക്യു-പോസ്റ്റില്‍നിന്നും അധികരിച്ച വാടകയെക്കുറിച്ചുള്ള അറിയിപ്പൊന്നും ലഭിച്ചിരുന്നില്ളെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പലരും പുതിയ നിരക്ക് ഈടാക്കിക്കഴിഞ്ഞതിനുശേഷമാണ്  വര്‍ധനവിനെക്കുറിച്ച് അറിഞ്ഞത്. എട്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്കുകളില്‍ വര്‍ധന വരുത്തുന്നതെന്ന് ക്യു പോസ്റ്റ് പ്രതിനിധി പ്രമുഖ പോര്‍ട്ടലിനോട് പറഞ്ഞു. ഉപഭോക്താക്കള്‍ക്കുള്ള എല്ലാ സേവനങ്ങളും വിപുലപ്പെടുത്തുന്നതോടൊപ്പം തപാല്‍ വകുപ്പിന്‍െറ പുതിയ ശാഖകള്‍ തുറക്കുമെന്നും പ്രതിനിധി പറഞ്ഞു. നിലവില്‍ 47 തപാല്‍ ഓഫീസുകളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ക്യു പോസ്റ്റിനുള്ളത്.
സേവനങ്ങളുടെ വൈവിധ്യവല്‍കരണത്തിന്‍െറ ഭാഗമായി വരുന്ന മാര്‍ച്ചില്‍ ‘ഷിപ്പ് 2-ക്യു’ എന്ന പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ക്യു-പോസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ സാധനങ്ങള്‍ വാങ്ങുകയും ക്യു-പോസ്റ്റ് വഴി ഇവ  വിതരണം ചെയ്യുകയുമാണ് ഇതിലൊന്ന്. കൂടാതെ മറ്റു രാജ്യങ്ങളില്‍ ക്യു-പോസ്റ്റിന്‍െറ തന്നെ വിലാസം ലഭ്യമാക്കുന്ന ‘വെര്‍ച്വല്‍ അഡ്രസ്’ എന്ന നൂതന സംവിധാനം ലഭ്യമാക്കുമെന്ന് ചെയര്‍മാനായ ഫലേഹ് മുഹമ്മദ് അല്‍ നഈമി  അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഏതു വിധേനയാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ ഉപഭോക്താവിന് സ്വന്തം വിലാസങ്ങള്‍ ലഭ്യമാകുമെന്നാണ് ഇതിന്‍െറ പ്രത്യേകത. ഇതിനുപുറമെ ഇ-ലോക്കര്‍ സംവിധാനം വഴി പ്രമുഖ ഷോപ്പിങ് മാളുകളില്‍നിന്നും കോളജുകളില്‍ നിന്നും  മറ്റുമായി  തങ്ങളുടെ തപാല്‍ ഉരുപ്പടികള്‍ കരസ്ഥമാക്കാവുന്ന പുതിയ പോസ്റ്റ് ബോക്സ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതികളും ആലോചനയിലുണ്ട്. പേള്‍ ഖത്തറിലെ ചില വസതികളിലും തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലെ വീടുകളിലേക്കും കത്തുകള്‍ നേരിട്ടത്തെിക്കുന്ന പരിപാടിയും  ഈ വര്‍ഷം നടപ്പിലാക്കാന്‍ ആലോചനയുണ്ട്.
ആറ് മാസം മുമ്പാണ് ജല വൈദ്യുതി വകുപ്പായ കഹ്റമാ തങ്ങളുടെ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ചത്. ഇതിനെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ജല-വൈദ്യുതി നിരക്കിലും രാജ്യത്ത് വര്‍ധനവുണ്ടായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.