ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ്:  ദ്യോക്കോവിച്ച് ദി ഹീറോ

ദോഹ: 24ാമത് ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരില്‍ അവസാന ചിരി നൊവാക് ദ്യോക്കോവിച്ചിന്‍േറതായി. ദോഹ ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നിസ് കോംപ്ളക്സില്‍ നടന്ന കലാശപ്പോരില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് രണ്ടാം സീഡ് താരം സ്പെയിനിന്‍െറ റാഫേല്‍ നദാലിനെ അനായാസം കീഴടക്കിയാണ് ലോക ഒന്നാം നമ്പറും ടോപ്സീഡുമായ സെര്‍ബിയന്‍ താരം 2016ന്‍െറ തുടക്കം അവിസ്മരണീയമാക്കിയത്. സ്കോര്‍ 6-1, 6-2. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള തുടര്‍ച്ചയായ 16ാമത് ഫൈനലിനാണ് ദോഹയില്‍ ഇന്നലെ ദ്യോക്കോവിച്ച് റാക്കറ്റേന്തിയത്. 
ആദ്യ നിമിഷം മുതല്‍ തന്നെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ സെര്‍ബിയന്‍ താരം, എതിരാളിയുടെ ഓരോ പിഴവും മുതലെടുക്കുന്നതില്‍ വലിയ വിജയം നേടി. ആദ്യസെറ്റില്‍ ഒരു പിഴവ് പോലും വരുത്താതെ വ്യക്തമായ മുന്‍തൂക്കത്തോടെ ദ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കിയപ്പോള്‍ നദാലിന് മുന്നില്‍ കടമ്പകളേറെയായിരുന്നു. വരുത്തിയ പിഴവിന് വലിയ വിലയാണ് നദാലിന് കൊടുക്കേണ്ടി വന്നത്. എന്നാല്‍ രണ്ടാം സെറ്റും ആദ്യത്തേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. രണ്ടാം സെറ്റില്‍ തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുക്കാന്‍ നദാലിന് കഴിഞ്ഞെങ്കിലും ഒന്നാം നമ്പര്‍ താരം ശക്തമായ തിരിച്ചടി നല്‍കി. ലോകത്തിലെ ഒന്നാം നമ്പര്‍ താരം എന്ന പദവി അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ദ്യോക്കോവിച്ച് പുറത്തെടുത്തത്. വിജയത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും നദാലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതായും വരാനിരിക്കുന്ന ആസ്ട്രേലിയന്‍ ഓപണില്‍ ഖത്തറിലെ വിജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഇരുവരും നേര്‍ക്കുനേര്‍ പോരാടിയ അവസാന പത്ത് പോരാട്ടങ്ങളില്‍ ഒമ്പതിലും ജയം ദ്യോക്കോവിച്ചിനൊപ്പമായിരുന്നു. മത്സരം 73 മിനുട്ട് മാത്രമേ നീണ്ടുനിന്നുള്ളൂ. ആദ്യമായാണ് ഖത്തര്‍ ഓപണില്‍ ദ്യോക്കോവിച്ച് മുത്തമിടുന്നത്. മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിഎത്തിയിരുന്നു. സ്പാനിഷ് താരത്തിന് പിന്തുണയുമായി സ്പെയിന്‍ ഫുട്ബോള്‍ താരം സാബി അലോണ്‍സോയും ദോഹയില്‍ പരിശീലനത്തിനത്തെിയ ബയേണ്‍ മ്യൂണിക് താരങ്ങളും കലാശപ്പോര് കാണാനത്തെി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.