ഹെല്‍ത്ത് സെന്‍ററുകളിലെ ട്രയേജ്  സംവിധാനം പരിശോധനക്ക് വിധേയമാക്കുന്നു

ദോഹ: രാജ്യത്തെ വിവിധ ഹെല്‍ത്ത് സെന്‍ററുകളില്‍ നടപ്പാക്കിയ പുതിയ ട്രയേജ് ചികിത്സ സംവിധാനം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി.എച്ച്.സി.സി) പരിശോധനക്ക് വിധേയമാക്കുന്നു. അര്‍ഹരായ പല രോഗികള്‍ക്കും ഇതുമൂലം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആശുപത്രിയിലത്തെുന്ന എല്ലാ രോഗികളെയും പരിശോധിക്കണമെന്ന് പി.എച്ച്.സി.സി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആദ്യം ചികിത്സ നല്‍കുന്ന പ്രക്രിയയാണ് ട്രയേജിങ്. ഈ സംവിധാനം നടപ്പാകുന്നതോടെ രോഗികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെതന്നെ ആശുപത്രികളിലത്തെി ചികിത്സ തേടാം. കേസിന്‍െറ സ്വഭാവവും അടിയന്തരപ്രാധാന്യവും വിലയിരുത്തിയശേഷമായിരിക്കും ചികിത്സ അനുവദിക്കുക. എന്നാല്‍ അര്‍ഹരായ പലര്‍ക്കും ചികിത്സ ലഭിക്കുന്നില്ളെന്ന് ആക്ഷേപമുയരുന്നുണ്ട്. രോഗികളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് ഡോക്ടറുമായുള്ള കൂടിക്കാഴ്ച അനുവദിക്കുന്നത് പലപ്പോഴും കാലതാമസത്തിനിടയാക്കിയിരുന്നു. രോഗം ഗുരുതരമല്ലാത്തവര്‍ക്ക്  ചികിത്സ നിഷേധിക്കപ്പെടുന്നതായും പരാതിയുണ്ട്. ഗുരുതരാവസ്ഥയിലത്തെുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കി അതിനൊപ്പം മറ്റ് രോഗികളെ പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം. ട്രയേജ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അവലോകനം ചെയ്യാനും പി.എച്ച്.സി.സി തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ആവശ്യമെങ്കില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തും. 
പുതിയ സംവിധാനത്തെക്കുറിച്ച് ആശുപത്രിയിലെ സന്ദര്‍ശകരോട് അഭിപ്രായം തേടിവരുന്നതായി പി.എച്ച്.സി.സി ഓപറേഷന്‍ വിഭാഗം ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സംമ്യ അല്‍ അബ്ദുല്ല പറഞ്ഞു. പുതിയ സംവിധാനത്തിന്‍െറ രീതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് വിമര്‍ശത്തിന് കാരണമെന്നും ഡോ. സംമ്യ പറഞ്ഞു. രോഗികളെ തരംതിരിക്കുന്നത് മുന്‍ഗണനയുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ്. അടിയന്തര സാഹചര്യത്തിനാണ് പ്രഥമ പരിഗണന. ഇത്തരം രോഗികള്‍ക്ക് പ്രാഥമിക ചികിത്സ മാത്രമേ ഇവിടെ നല്‍കൂ. 
അടിയന്തര ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സ് എത്തി ഹമദ് ജനറല്‍ ആസ്പത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നത് വരെ രോഗിയെ പരിചരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കാവുന്ന രോഗാവസ്ഥയിലുള്ള രോഗിക്കാണ് രണ്ടാമത് പരിഗണന നല്‍കുന്നത്. രോഗിയെ ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് ചികിത്സിക്കും. ചികിത്സ അത്യാവശ്യമില്ലാത്ത രോഗികള്‍ക്കാണ് മൂന്നാമത് പരിഗണന. ഇവര്‍ക്ക് അതേ ദിവസം ഡോക്ടറുമായി കൂടിക്കാഴ്ച നടത്താനുള്ള സമയം നല്‍കും. പ്രായമായവര്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരെ പുതിയ സംവിധാനത്തില്‍  നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
ഉംസലാല്‍, മുന്‍തസ എന്നിവിടങ്ങളിലൊഴികെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ ട്രയേജ് സംവിധാനം വിജയകരമായി നടക്കുന്നുണ്ടെന്നും ഡോ. സംമ്യ അല്‍ അബ്ദുല്ല പറഞ്ഞു. ഉംസലാലിലും മുന്‍തസയിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം അവിടെ പുതിയ സംവിധാനം നടപ്പാക്കൂം. അല്‍ കറാന, അല്‍ ജുമൈലിയ, അല്‍ ഗുവരിയ എന്നിവിടങ്ങളില്‍ ചെറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആയതിനാലും സന്ദര്‍ശകര്‍ കുറവായതിനാലും പുതിയ സംവിധാനം നടപ്പാക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.