ഫൈനല്‍ മത്സരങ്ങള്‍ നാളെ ഖത്തര്‍  സ്പോര്‍ട്സ് ക്ളബില്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നാഷണല്‍ സ്പോര്‍ട്സ് ഡേ അതോറിറ്റിയുടെ അംഗീകാരമുള്ള ഒൗദ്യോഗിക പരിപാടികളുടെ ഭാഗമായി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളുടെ ഫൈനലുകളും നാളെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍-ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരായി, ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ളബ് എന്നിവയുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ഫെബ്രുവരി അഞ്ചിന് അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ളബിലും ദേശീയ കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് വക്റയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലുമായി നടന്ന കായിക മത്സരങ്ങളുടെ തുടര്‍ച്ചയും സമാപനവുമാണ് വെള്ളിയാഴ്ച നടക്കുന്നത്.
ഖത്തറിന്‍െറ വിപുലമായ കായിക സംരഭങ്ങള്‍ക്ക് പൊതുവായും 2022ല്‍ രാജ്യം ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബോളിന്  സവിശേഷമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ പിന്തുണ വിളിച്ചറിയിക്കുകയാണ് മേളയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. 
ഒമ്പത് വ്യക്തിഗത ഇനങ്ങളിലും നാല് ടീം ഇനങ്ങളിലുമാണ് മത്സരങ്ങള്‍. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 800 മീറ്റര്‍ ഓട്ടമത്സരവും മുന്‍വര്‍ഷങ്ങളിലെ പോലെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി pravasikayikamela@gmail.com എന്ന ഇമെയിലിലേക്ക് ഖത്തര്‍ ഐ.ഡി. കാര്‍ഡ് കോപ്പി അയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ വര്‍ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 4x100 മീറ്റര്‍ റിലേയില്‍ പ്രത്യേക മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ സെവന്‍സ് ഫുട്ബാളിലെ പ്രിലിമിനറി, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളോടെ ഫെബ്രുവരി അഞ്ചിനാണ് മേള ആരംഭിച്ചത്. നാളെ രാവിലെ പത്തിന് നടക്കുന്ന ആദ്യ സെമിയില്‍ ദിവ കാസര്‍കോട് സ്പോര്‍ട്സ് അസോസിയേഷന്‍ ചാവക്കാടിനെയും രണ്ടാം സെമിയില്‍ കെ.ഡബ്യു.എ.ക്യു. കൊടുവള്ളി യാസ് തൃശൂരിനെയും നേരിടും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫൈനല്‍. 
വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കമ്പവലി സെമി ഫൈനല്‍ മത്സരങ്ങള്‍ രാവിലെ എട്ടരക്ക് നടക്കും. കള്‍ചറല്‍ ഫോറം എറണാകുളം ക്യു.കെ.സി.എ. ഖത്തറിനെയും ഫ്രന്‍റ്സ് ഓഫ് കേരള ഇമ ഖത്തറിനെയും നേരിടും. രണ്ട് മണിക്കാണ് ഫൈനല്‍ മത്സരം.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ മേളയില്‍ പങ്കെടുക്കുന്ന 16 ടീമുകളും വിവിധ കലാസാംസ്കാരിക പ്രകടനങ്ങളും അണിനിരക്കും. ആസ്പയര്‍ അക്കാദമി, സാംസ്കാരികകായിക മന്ത്രാലയം, മിനിസ്ട്രി ഓഫ് പബ്ളിക് ഹെല്‍ത്ത്, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് , അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ളബ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും കായിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 
വൈകുന്നേരം നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. മികച്ച മാര്‍ച്ച് പാസ്റ്റ്, മികച്ച ടീം മാനേജര്‍, ഏറ്റവും അച്ചടക്കമുള്ള ടീം എന്നിവയും തെരഞ്ഞെടുക്കും. 
വ്യക്തിഗത ഇനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കായികതാരത്തെ മേളയുടെ താരമായി പ്രഖ്യാപിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്യും. 
യൂത്ത് ഫോറം വൈസ് പ്രസിഡന്‍റ് സലീല്‍ ഇബ്രാഹിം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പ്രവാസി കായികമേള ജനറല്‍ കണ്‍വീനര്‍ സമീര്‍ കാളികാവ്, അസിസ്റ്റന്‍റ് ജനറല്‍ കണ്‍വീനര്‍ അമീര്‍ സവാദ്, ഫിനാന്‍സ് കണ്‍വീനര്‍ തഹ്സീന്‍ അമീന്‍, ബ്രാന്‍റിങ് കണ്‍വീനര്‍ അനൂപ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.