സ്കൂളുകളിലെ കായിക സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

ദോഹ: സ്കൂളുകളോടനോടനുബന്ധിച്ചുള്ള കായികവിനോദ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ പദ്ധതി ഉടനെ നിലവില്‍വരും. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനസമയം അവസാനിച്ച് വൈകുന്നേരങ്ങളില്‍ സമീപവാസികള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി കായിക മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണെന്ന്  വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറി റാബിയ മുഹമ്മദ് അല്‍ കഅബി പറഞ്ഞു. 
പ്രധാനമായി കുട്ടികളെയും കുടുംബങ്ങളെയും ഉദ്ദേശിച്ചുള്ളതായിരിക്കും പദ്ധതി. 
വിദ്യാലയങ്ങളിലെ കായിക സൗകര്യങ്ങളുടെ സൂക്ഷ്മമായ  ഉപയോഗം ലക്ഷ്യംവെച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ചായിരിക്കും ഇരു മന്ത്രാലയങ്ങളും പദ്ധതി നടപ്പാക്കുകയെന്നും ഇതിനായുള്ള ധാരണപാത്രത്തില്‍ വൈകാതെ ഇരുകൂട്ടരും ഒപ്പുവെക്കുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തരികളും വിദേശികളുമടങ്ങുന്ന സമൂഹം സ്കൂളുകളിലെ  കായിക സൗകര്യങ്ങള്‍ തുറന്നുകിട്ടാനാഗ്രഹിക്കുന്നവരാണെന്ന് അല്‍ കഅബി പറഞ്ഞു. പ്രവൃത്തി സമയത്തിന് ശേഷം വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിഭാഗത്തിന് ഗുണകരമാകും. ദേശീയ കായികദിനം പ്രമാണിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ സെമിനാറിലാണ് പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം മുന്നോട്ടുവന്നത്. 
അഞ്ച് വേദികളിലായി നടന്ന കായികദിന പരിപാടികളില്‍ രാജ്യത്തെ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലെ കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും രക്ഷകര്‍ത്താക്കളും സംബന്ധിച്ചു. കായികശേഷിക്കുറവും അമിതവണ്ണവുമാണ് ജി.സി.സി രാജ്യങ്ങളിലെ പലരും നേരിടുന്ന പ്രശ്നം.  ഇത്തരമൊരു പദ്ധതിയിലൂടെ എല്ലാ പ്രായക്കാര്‍ക്കും ഇതിനെ മറിക്കടക്കാന്‍ സാധിക്കും. ദേശീയകായികദിനം പോലെ  വ്യായാമവും കായിക പരിപാടികളും ഒരുദിവസത്തിലൊതുക്കേണ്ടതല്ളെന്നും അല്‍ കഅബി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.