ലോകകപ്പ് വികസന പദ്ധതികള്‍: ഈ വര്‍ഷം 2,200 കോടി  ഡോളറിന്‍െറ കരാറുകള്‍

ദോഹ: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2,200 കോടി ഡോളറിന്‍െറ പുതിയ കരാറുകള്‍ക്ക് ഈ വര്‍ഷാവസനത്തോടെ ഖത്തര്‍ ഒപ്പുവെക്കുമെന്ന് ദുബൈ ആസ്ഥാനമായ സാമ്പത്തികാവലോകന മാസികയായ ‘മീദ്’നെ ഉദ്ധരിച്ച് പ്രമുഖ ട്രേഡ് അറേബ്യ ബിസിനസ് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 3,000 കോടി ഡോളറിന്‍െറ വിവിധ പദ്ധതികള്‍ രാജ്യത്ത് ആരംഭം കുറിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പായ അശ്ഗാലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരം കോടി നീക്കിയിരിപ്പുള്ള പ്രധാന പദ്ധതികളായ എക്സ്പ്രസ്വേ, പ്രാദേശിക റോഡുകള്‍, അഴുക്കുവെള്ള നിര്‍മാര്‍ജനം, മലിനജല സംസ്കരണം, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ  നിര്‍മാണം തുടങ്ങിയവ പുരോഗതിയുടെ പാതയിലാണ്. കൂടാതെ 1500 കോടിയുടെ ദീര്‍ഘദൂര യാത്രാ-ചരക്ക് റെയില്‍ പാത, 200 കോടി ഡോളറിന്‍െറ ഹമദ് അന്താരാഷ്ട്ര വിമാനത്താവള വികസനം എന്നിവയുടെ കരാര്‍ നടപടികള്‍ക്ക് അടുത്ത മാസം ദോഹയില്‍ ചേരുന്ന ‘മീദി’ന്‍െറ ഖത്തര്‍ പ്രോജക്ട്സ് സമ്മേളനത്തിന് മുന്നോടിയായി തുടക്കമാകും. 
മീദിന്‍െറ സാമ്പത്തികാവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം എണ്ണവിലയിലെ അസ്ഥിരതയുടെ ഫലമായി 2015ലെ 29.3 ബില്യന്‍ ഡോളറിന്‍െറ പദ്ധതി ചെലവില്‍ നിന്ന് 24 ശതമാനം കുറഞ്ഞ് ഈ വര്‍ഷം 22.2 ബില്യന്‍ ഡോളറാണ് വിവിധ പദ്ധതികള്‍ക്കായുള്ള ഖത്തറിന്‍െറ നീക്കിയിരിപ്പ്. പുതിയ പദ്ധതികളുടെ ആസൂത്രണങ്ങളില്‍ നിന്ന് മാറി നിലവിലുള്ളവ പൂര്‍ത്തീകരിക്കുന്നതിനായിരിക്കും രാജ്യം മുന്‍ഗണന നല്‍കുക. മാര്‍ച്ച് 15 മുതല്‍ 16 വരെ ദോഹയിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടക്കുന്ന മീദിന്‍െറ സാമ്പത്തിക വിശകലന സമ്മേളനത്തില്‍ രാജ്യത്തെ 200 ബില്യന്‍ ഡോളറിന്‍െറ വാതക പൈപ്പ്ലൈന്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ചയും ഉള്‍പ്പെടും. എല്ലാ അംഗരാജ്യങ്ങളിലെയും പോലെ ഖത്തറും ഈ വര്‍ഷം ചെലവുചുരുക്കല്‍ നടപടികളിലേക്ക് നീങ്ങിയതായി മീദിന്‍െറ പദ്ധതി അവലോകന ഡയറക്ടര്‍ എഡ് ജെയിംസ് പറഞ്ഞു. ലോകകപ്പ് ഫുട്ബാള്‍ അനുബന്ധ പദ്ധതികള്‍ക്കുള്ള സമയക്രമം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍െറ മൂലധന നിക്ഷേപത്തില്‍നിന്ന് വാതക പൈപ്പ്ലൈന്‍  പദ്ധതിക്കുള്ള പണമൊഴുക്ക് ഈ രംഗത്തെ വ്യവസായികള്‍ക്കും വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും  ഉല്‍പാദകര്‍ക്കും വന്‍ സാധ്യതകളാണ് നല്‍കുന്നത്. 
വികസന പദ്ധതികളുടെ  പ്രധാന നിര്‍വഹണസമിതിയായ അശ്ഗാലായിരിക്കും ദോഹയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ പദ്ധതികള്‍ അവതരിപ്പിക്കുക. 
പദ്ധതി നടപ്പാക്കുന്നതിലെ വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ചയാവും. സൗദ് അബ്ദുല്ല അല്‍ അത്വിയ്യ (ഡയറക്ടര്‍ -ഇകണോമിക് പോളിസീസ് ആന്‍റ് റിസര്‍ച്ച് ഡെവലപ്മെന്‍റ് എം.ഇ.സി.ക്യു, അഹമ്മദ് നാസര്‍ അല്‍ ഖൗസി -ഖല്‍ദൂന്‍ ട്രുമാന്‍ ലോജിസ്റ്റിക്സ് ഡയറക്ടര്‍, സീനിയര്‍ ഡയറക്ടര്‍ പ്രൊക്യുര്‍മെന്‍റ് -ഖത്തര്‍ റെയില്‍, മുഹമ്മദ് മാലിക്കി തുടങ്ങിയവരും അശ്ഗാലിന്‍െറ പ്രധാന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. 
വന്‍ പദ്ധതികളുടെ പുരോഗതിയും, സാമ്പത്തിക റിപ്പോര്‍ട്ടുകളും, വെല്ലുവിളികളും സമ്മേളനത്തോടനുബന്ധിച്ച് ചര്‍ച്ച ചെയ്യും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.