‘മിഠായിത്തെരു’ കോഴിക്കോട് സ്മരണിക പ്രകാശനം 

ദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ.പി.എ.ക്യു) ഒരുക്കുന്ന സ്നേഹോപഹാരം മിഠായിത്തെരു സ്മരണികപ്രകാശനച്ചടങ്ങ് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ കെ.ജി ഹാളില്‍ നടക്കും. മലബാറിന്‍െറ വാണിജ്യ, സാംസ്കാരിക കേന്ദ്രമായ പ്രദേശത്തിന്‍െറ കലാ, സാംസ്കാരിക, കായിക ചരിത്രവും വര്‍ത്തമാനവും അറബ് രാജ്യങ്ങളുള്‍പ്പെടെ വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ സാംസ്കാരിക ബന്ധവും അതുവഴി കൈവന്ന സവിശേഷമായ സംസ്കൃതിയും വരച്ചിടുകയാണ് കോഴിക്കോടിന്‍െറ പരിഛേദമായി അറിയപ്പെടുന്ന മിഠായിത്തെരുവിലൂടെ. 
എന്നും ജാതി മത രാഷ്ട്രീയ ഭേദങ്ങള്‍ക്കതീതമായ സാംസ്കാരിക കലാ പൈതൃകം നെഞ്ചോടു ചേര്‍ത്ത ദേശമാണ് കോഴിക്കോട്. കോഴിക്കോടിന്‍െറ സാംസ്കാരിക, സാഹിത്യ ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നു മാനാഞ്ചിറയും മിഠായിത്തെരുവും. ഗസലും നാടകവും സാഹിത്യ ചര്‍ച്ചകളും ഫുട്ബാളും ഒപ്പനയും വലിയങ്ങാടിയിലെ കച്ചവടത്തിരക്കിന്‍െറ താളവും കുറ്റിച്ചിറയുടെ സ്വന്തം രുചി പിറക്കുന്ന തളികയുടെ കലപിലയും കൂടിച്ചേര്‍ന്ന സവിശേഷമായ ഈണവും താളവുമാണ് കോഴിക്കോടിനെ വേറിട്ടുനിര്‍ത്തുന്നത്. സംസ്കാരങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ച നാടിന്‍െറ സവിശേഷമായ കാഴ്ച മിഠായിത്തെരു സമ്മാനിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. 
പ്രവാസത്തിന്‍െറ തിരക്കില്‍ നാടിനുള്ള കോഴിക്കോട്ടുകാരുടെ സ്നേഹോപഹാരമാണ് ഈ പുസ്തകം. എം.ടി വാസുദേവന്‍ നായര്‍, എം.ജി.എസ് നാരായണന്‍, യു.എ ഖാദര്‍, കെ.കെ.എന്‍ കുറുപ്പ്, അക്ബര്‍ കക്കട്ടില്‍, എം.കെ മുനീര്‍, ബി.എം സുഹറ, വി.ആര്‍. സുധീഷ്, കെ.ഇ.എന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ കോഴിക്കോടിന്‍െറ ചരിത്രവും വര്‍ത്തമാനവും സാംസ്കാരിക പൈതൃകവും പറയുകയാണ്. മിഠായിത്തെരു കോഴിക്കോടിന്‍െറ പുസ്തകം പ്രകാശനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉധേനിയ ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാറിന് കോപ്പി നല്‍കി നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് പ്രമുഖ ഗസല്‍ ഗായകന്‍ അനില്‍ ദാസ് നേതൃത്വം നല്‍കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും. കോഴിക്കോടിന്‍െറ സ്വന്തം രുചിക്കൂട്ടുകളുമായി ജില്ലയിലെ വിവിധ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന രുചിപ്പെരുമ ഭക്ഷ്യമേളയും ഒപ്പന, തിരുവാതിര, കുറവക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കെ.പി.എ.ക്യു പ്രസിഡന്‍റ് ടി.എം. സുബൈര്‍, സെക്രട്ടറി പി.കെ. ഗഫൂര്‍, ജോയന്‍റ് സെക്രട്ടറി മുജീബ്റഹ്മാന്‍, കണ്‍വീനര്‍ കെ.പി. സുബൈര്‍ പന്തീരാങ്കാവ്, മീഡിയപ്ളസ് പ്രതിനിധി ശറഫുദ്ദീന്‍ തങ്കയത്തില്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.