യൂത്ത് ഫോറം പ്രവാസി കായികമേള  നാളെ തുടങ്ങും

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  നാഷണല്‍ സ്പോര്‍ട്സ് ഡേ അതോറിറ്റിയുടെ അംഗീകാരമുള്ള ഒൗദ്യോഗിക പരിപാടികളുടെ ഭാഗമായി ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററും ഖത്തര്‍ ചാരിറ്റിയും മുഖ്യ പ്രായോജകരായി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായികമേള നാളെ തുടങ്ങും. കായികമേളയില്‍ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ സെവന്‍സ് ഫുട്ബാളിന്‍െറ ആദ്യപാദ മത്സരങ്ങളാണ് മേളയുടെ ആദ്യദിനമായ നാളെ അല്‍ മര്‍ഖിയ സ്പോര്‍ട്സ് സ്പോര്‍ട്സ് ക്ളബില്‍ അരങ്ങേറുക. കഴിഞ്ഞ ദിവസം യൂത്ത് ഫോറം ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ടീം മാനേജര്‍മാരുടെയും ക്യാപ്റ്റന്‍മാരുടെയും സംഘാടക സമിതിയംഗങ്ങളുടെയും സാന്നിധ്യത്തില്‍ മത്സരങ്ങളുടെ ഫിക്സ്ചര്‍ പുറത്തിറക്കി. കമ്പവലി, പഞ്ചഗുസ്തി, ബാഡ്മിന്‍റണ്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളും മേളയുടെ ഒൗപചാരിക ഉദ്ഘാടനവും കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. വിവിധ കലാസാംസ്കാരിക പ്രകടനങ്ങളുടെ അകമ്പടിയോടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റും ട്രാക്ക് ആന്‍റ് ഫീല്‍ഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളുടെ ഫൈനല്‍ പോരാട്ടങ്ങളും ഫെബ്രുവരി 12ന് അല്‍ അറബി സ്പോര്‍ട്സ് ക്ളബിലാണ് നടക്കുക. 
100 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഓട്ടം, 1500 മീറ്റര്‍ ഓട്ടം, ഹൈജംപ്, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, പഞ്ചഗുസ്തി, 4x100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, കമ്പവലി, ഫുട്ബാള്‍ എന്നീ ഇനങ്ങളിലായി ഖത്തറിലെ വിവിധ സംഘടനകളെയും ജില്ലാ അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് 16 ടീമുകളാണ് മത്സരിക്കുന്നത്. 40 വയസിന് മുകളിലുള്ളവര്‍ക്കായി 800 മീറ്റര്‍ ഓട്ടത്തിലും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 4x100 മീറ്റര്‍ റിലേയിലും പ്രത്യേക മത്സരങ്ങള്‍ നടക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് pravasikayikamela@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 66612969, 33549050, 44439319 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.