ദോഹ: ഖത്തറിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് മുന്‍ ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് തിയോ സാന്‍സിഗറിനെതിരായ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ ഹരജിയില്‍ ജര്‍മന്‍ പ്രാദേശിക കോടതി വാദംകേള്‍ക്കല്‍ തുടങ്ങി. ‘ലോക ഫുട്ബാളിനെ ബാധിച്ച അര്‍ബുദമാണ് ഖത്തര്‍’ എന്ന സ്വാന്‍സിഗറിന്‍െറ വിവാദ പരാമര്‍ശമാണ് ഇദ്ദേഹത്തിനെതിരെ അന്യായം ഫയല്‍ ചെയ്യാന്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. കേസിന്‍െറ പ്രാഥമിക വാദം കേട്ട ഡസ്സല്‍ഡോര്‍ഫ് പ്രാദേശിക കോടതി സ്വാന്‍സിഗറിന് ഇത്തരമൊരു പ്രസ്താവന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഖത്തറിന്‍െറ വാദങ്ങള്‍ പഠിക്കാന്‍ തനിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും വരുന്ന ഏപ്രില്‍ 19നേ അന്തിമ വിധി പറയൂ എന്നും ജഡ്ജി പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ജര്‍മന്‍ റേഡിയോ അവതാരകനായ ഹെസിഷേ റണ്ട്ഫങുമായുള്ള റേഡിയോ അഭിമുഖത്തിലാണ് സ്വാന്‍സിഗര്‍ ഖത്തറിനെതിരെ പരാമര്‍ശം നടത്തിയത്. 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയുടെമേല്‍ അഴിമതിയാരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്‍െറ ആതിഥേയത്വം വീണ്ടും ചര്‍ച്ചചെയ്യുമോ എന്നായിരുന്നു അവതാരകന്‍െറ ചോദ്യം. ‘വീണ്ടുമൊരു അവലോകനം ആവശ്യമാണെന്നും, അതു സാധ്യമാണെന്നും, അന്താരാഷ്ട്ര ഫുട്ബാളിനെ ബാധിച്ച അര്‍ബുദമാണ് ഖത്തറെന്നു’മായിരുന്നു സ്വാന്‍സിഗറിന്‍െറ മറുപടി. ഇത് ഖത്തറിനെയും രാജ്യത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും, ദുഷ്പ്രചാരണവുമാണെന്നായിരുന്നു ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ നിലപാട്.
ഭാവിയില്‍ ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സ്വാന്‍സിഗറിനെ തടയണമെന്നും മാനനഷ്ടത്തിനുള്ള പിഴയായി നാല് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ക്യു.എഫ്.എയുടെ അന്യായം. ‘നിഷ്പക്ഷമായ വിമര്‍ശങ്ങളെയും വാഗ്വാദങ്ങളെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍, ‘അര്‍ബുദം’ പോലുള്ള പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും -സ്വാന്‍സിഗറിന്‍െറ വിവാദ പരാമര്‍ശം വന്നയുടനെ ജര്‍മനിയിലെ ഖത്തര്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
എന്നാല്‍, തന്‍െറ പ്രസ്താവനയില്‍ ഇനിയും ഖത്തറിലെ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ളെന്നും സ്വാന്‍സിഗര്‍ കോടതിയില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസിനെ ഉദ്ധരിച്ച് പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ലും സ്വാന്‍സിഗര്‍ ഖത്തറിന്‍െറ ആതിഥേയത്വത്തെ വിമര്‍ശിച്ചിരുന്നു. ചൂടുകാലാവസ്ഥയില്‍ രാജ്യത്ത് ഫുട്ബാള്‍ മല്‍സരങ്ങള്‍ നടത്തുക പ്രയാസമാണെന്നായിരുന്നു അന്ന് അദ്ദേഹം വാദിച്ചത്്. എന്നാല്‍, ഇതിനുമുമ്പേ ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ നടത്തുന്നതിനെതിരായ ഹരജി സ്വിസ്സ് കോടതി തള്ളുകയും തണുപ്പുകാലത്ത് മത്സരങ്ങള്‍ നടത്താനുള്ള വാദം അംഗീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.