ദോഹ: ഖത്തറിന്‍െറ ഗ്രാമങ്ങള്‍ വികസനോന്മുഖമാക്കാനും, ഇവിടങ്ങളില്‍ വൈദ്യുതി, വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ദേശീയ ഉപദേശക സമിതി (ശൂറ കൗണ്‍സില്‍) സര്‍ക്കാറിനോടാവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗ്രാമീണ ജനതയെ നഗരങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുമെന്നതിനാലാണ് ഇത്തരമൊരു നീക്കം നടത്താന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നത്. പൂര്‍ണമായ വികസനം സാധ്യമാക്കിയതിനുശേഷം ഇവിടങ്ങളില്‍ വീടുകള്‍ നിര്‍മിക്കാനും അവ വാടകക്ക് നല്‍കാനും ഇവിടുത്തുകാര്‍ ശ്രമിക്കും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിലാണ് കൗണ്‍സില്‍ മന്ത്രിസഭയോടായി ഈ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചത്. ഇതില്‍ പ്രധാനമായ നിര്‍ദേശങ്ങളിലൊന്ന് ഇവിടങ്ങളില്‍ താമസിച്ചുവരുന്ന പൗരന്മാര്‍ക്ക് ഭൂമിയുടെ കൈവശരേഖകള്‍ നല്‍കുക എന്നുള്ളതാണ്. ഇത്തരം നീക്കങ്ങളിലൂടെ ഖത്തരി ഗ്രാമങ്ങളുടെ വികസനത്തിനുള്ള നിയമ തടസ്സങ്ങള്‍ മാറ്റിക്കിട്ടും.
പഴയ കാലത്ത് ഭൂമിസംബന്ധമായ രജിസ്ട്രേഷന്‍ നിലവിലില്ലായിരുന്നു. ഗ്രാമീണര്‍ കുടില്‍ വെച്ചും കൃഷികള്‍ നടത്തിയും ഇവിടങ്ങളില്‍ താമസിച്ചുവരികയായിരുന്നു പതിവ്. അവര്‍ ഉപയോഗിച്ചുവരുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശവും രേഖകളും നല്‍കുന്നതോടൊപ്പം അവരുടെ പുതിയ തലമുറക്ക് പ്ളോട്ടുകള്‍ അനുവദിക്കുകയും അവരെ അവിടെ നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
എന്നാല്‍, ഇതുസംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ വാദപ്രതിവാദമുണ്ടാവുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിര്‍ദേശങ്ങള്‍ വരികയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളായ റോഡ്, ശുദ്ധജലം, വൈദ്യുതി, സ്കൂള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ഷോപ്പിങ് മാളുകള്‍ എന്നിവ ഗ്രാമവികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. ഉപദേശക സമിതിയില്‍നിന്ന് നേരത്തെയും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മന്ത്രിസഭയിലേക്ക് പോയിരുന്നു. എന്നാല്‍, മന്ത്രിസഭയുടെ ഭാഗത്ത് നിന്ന് നിരവധി ഗ്രാമവികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഇതില്‍ ചിലത് പ്രാന്തപ്രദേശങ്ങളിലുള്ള വികസനത്തിനുമാത്രമായി രൂപകല്‍പ്പന ചെയ്തതാണെന്നും മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഖലീഫ അല്‍ഥാനി പറഞ്ഞു. ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൈവശരേഖകളില്ലാത്തത് സര്‍ക്കാറിനെ കുഴക്കുന്നുണ്ടെന്നും സര്‍ക്കാറിന്‍െറ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികളില്‍നിന്ന് സംരക്ഷിച്ചുപോരുകയെന്നത് സര്‍ക്കാറിന്‍െറ നയമാണെന്നും ഇതാണ് ഇത്തരം പദ്ധതികള്‍ക്കുള്ള നിയമതടസ്സങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.